റോഡ് പുറമ്പോക്ക് കയ്യേറ്റ ഭൂമിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന ഹര്‍ജി തള്ളി

147

റോഡ് പുറമ്പോക്ക് കയ്യേറ്റ ഭൂമിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്നാവശ്യപ്പെട്ട് ഫയലാക്കിയ താല്‍ക്കാലിക ഇഞ്ചങ്ഷന്‍ ഹര്‍ജി തള്ളി

Advertisement

റോഡ് പുറമ്പോക്ക് കയ്യേറ്റ ഭൂമിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്നാവശ്യപ്പെട്ട് ഫയലാക്കിയ താല്‍ക്കാലിക ഇഞ്ചങ്ഷന്‍ ഹര്‍ജി തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ മുന്‍സിഫ് ആന്‍ മരിയ കുര്യാക്കോസ് മണലേല്‍ തള്ളി ഉത്തരവായി.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുതുവറ ജങ്ഷനില്‍ നിന്നും അടാട്ട്-അമ്പലംകാവിലേക്കുള്ള റോഡിലെ, സര്‍വെ വകുപ്പ് അളന്ന് കണ്ടെത്തിയ അനധികൃതകയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം പുറമ്പോക്ക് കയ്യേറിയ എല്ലാ കയ്യേറ്റ ക്കാര്‍ക്കും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നോട്ടീസ് നല്‍കിയിരുന്നു. പുഴയക്കല്‍ വില്ലേജ് മുതുവറ ദേശത്ത് താണിപ്രിയയില്‍ പി.റ്റി. ബാലന്‍കുട്ടിക്ക് കയ്യേറ്റം ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി യിരുന്നു. പുറമ്പോക്ക് കയ്യേറ്റം ഒഴിയാനും ടിയാന്‍ കൈവശം വെച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമിയിലേക്ക് പ്രവേശിക്കരുതെന്നും, റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കേരള സര്‍ക്കാരിനെയും, പൊതുമരാമത്ത് വകുപ്പിനെയും എതൃകക്ഷി കളാക്കി ഫയലാക്കിയ ഹര്‍ജിയാണ് കോടതി തള്ളി ഉത്തരവായത്.

കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം നോട്ടീസ് ലഭിച്ചാല്‍ ആയതിനെതിരെ സിവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കില്ല എന്നും, അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായിട്ടാണ് റോഡ് വികസനം നടക്കുന്നതെന്നുമുള്ള സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

കേസില്‍ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍‍ അഡ്വ . കെ.എന്‍. വിവേകാനന്ദന്‍, അഭിഭാഷകരായ രചന ഡെന്നി, ശിശിര കെ.കെ. പഞ്ചമി പ്രതാപന്‍ എന്നിവര്‍ ഹാജരായി.

Advertisement