വായ്പ തിരിച്ചടച്ചിട്ടും രേഖകൾ തിരിച്ചു നൽകിയില്ല; ബാങ്കിനെതിരെ 1.10 ലക്ഷം നഷ്ടപരിഹാരം തിരിച്ചു നൽകാൻ വിധി

64

ഭൂമി പണയപ്പെടുത്തി ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചിട്ടും ഭൂമിയുടെ രേഖകൾ നൽകാതിരുന്ന ബാങ്ക് നഷ്ടപരിഹാരമായി ഒരു ലക്ഷത്തി പതിനായിരം രൂപയും ഒൻപത് ശതമാനം പലിശയും നൽകുവാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. അങ്കമാലി മൂക്കന്നൂർ ഇഞ്ചപാലാട്ടി വീട്ടിൽ ജോസ് പി.ടി.യാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് ചാലക്കുടി ബ്രാഞ്ചിനെതിരെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ പരാതി നൽകിയത്. 2009-ലാണ് ജോസ് പി.ടി. തന്റെ ഭൂമിയുടെ അസൽ രേഖകൾ പണയപ്പെടുത്തി ബാങ്കിൽ നിന്നും കാർഷിക വായ്പ എടുത്തിരുന്നത്. തുടർന്ന് വായ്പ പൂർണ്ണമായും വീഴ്ച കൂടാതെ തിരിച്ചടച്ചശേഷം 2014 ൽ ഭൂമിയുടെ അസൽ രേഖകൾ തിരിച്ചു നൽകാൻ ബാങ്കിന്റെ ചീഫ് മാനേജർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ പല തവണ ആവശ്യപ്പെട്ടിട്ടും പണയപ്പെടുത്തിയ ഭൂമിയുടെ അസൽ രേഖകൾ തിരിച്ച് നൽകാൻ ബാങ്ക് തയ്യാറായില്ല. പിന്നീട് രേഖകൾ നഷ്ടപ്പെട്ടു പോയി എന്ന് ബാങ്ക് പരാതിക്കാരനെ അറിയിക്കുകയാണ് ഉണ്ടായത്.

Advertisement

എന്നാൽ താൻ സ്ഥലം വിൽപ്പന നടത്തുവാൻ തീരുമാനിച്ചിരുന്നതാണെന്നും ബാങ്കിന്റെ ബാധ്യത തീർത്ത് ഭൂമിയുടെ അസൽ രേഖകൾ തിരിച്ചു ലഭിക്കാതെ സ്ഥലം വിൽപ്പന നടത്താൻ കഴിയില്ലെന്നും ഇതു തനിക്ക് സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടാക്കിയതായും പരാതിക്കാരൻ കമ്മീഷനെ ബോധിപ്പിച്ചു.

പരാതിക്കാരനു വേണ്ടി ഹാജരായ അഡ്വക്കെറ്റ് ഷാജി ജെ. കോടൻ കണ്ടത്ത്, അബീദ എൻ.ജെ. എന്നിവരുടെ വിശദമായ വാദം കേട്ടശേഷം തൃശ്ശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ കുറ്റമറ്റതായ സേവനം നൽകേണ്ടിയിരുന്ന ബാങ്ക് അയിൽ വീഴ്ച വരുത്തിയതായി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരന് ബാങ്കിന്റെ വീഴ്ചമൂലം സംഭവിച്ച സാമ്പത്തിക നഷ്ടത്തിനായി എഴുപത്തയ്യായിരം രൂപയും പരാതിക്കാരൻ അനുഭവിച്ച മാനസിക വിഷമത്തിന് ഇരുപത്തയ്യായിരം രൂപയും പരാതിക്കാരന് വ്യവഹാര ചിലവിനായി പതിനായിരം രൂപയുമടക്കം ഒരുലക്ഷത്തി പതിനായിരം രൂപ ഒൻപതു ശതമാനം പലിശ സഹിതം ബാങ്ക് നൽകണമെന്ന് കമീഷൻ വിധിച്ചു.

Advertisement