സർക്കാർ വാഹനങ്ങൾക്കും ഇളവില്ല: തീർഥാടനകാലത്ത് നിലയ്ക്കൽ മുതൽ പമ്പവരെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം

0

ശബരിമല തീർഥാടനകാലത്ത് നിലയ്ക്കൽ മുതൽ പമ്പവരെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. സർക്കാർ മുദ്രവെച്ച വാഹനങ്ങൾക്കും ഇളവ് അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വംബെഞ്ച് ഉത്തരവിട്ടു. സ്വമേധയ പരിഗണിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.
മോട്ടോർ വാഹനനിയമം പാലിക്കാതെ വലിയതോതിൽ അലങ്കരിച്ച വാഹനങ്ങളിൽ ശബരിമല യാത്ര നടത്തുന്നതും വിലക്കിയിട്ടുണ്ട്. ചരക്കു വണ്ടികളിലും യാത്ര അനുവദിക്കരുത്. പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റും നടപടി സ്വീകരിക്കണം.
15 സീറ്റുകളുള്ള വാഹനങ്ങൾക്ക് തീർഥാടകരെ ഇറക്കാനായി പമ്പവരെ പോകാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ, പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിക്കരുത്.
ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ വിശദീകരിച്ച് സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശൗചാലയങ്ങളുടെ പരിപാലനം ലേലം പോയിട്ടില്ലെങ്കിൽ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ സഹായത്തോടെ ദിവസവും വൃത്തിയാക്കി സൗജന്യമായി ഉപയോഗിക്കാനായി നൽകണമെന്നും കോടതി നിർദേശിച്ചു.

Advertisement
Advertisement