കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചതിന് പിന്നാലെയാണ് ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന് പിന്നാലെ ജയിലിൽ നിന്ന് പ്രതികളെ വിട്ടയച്ചു തുടങ്ങി.
എന്നാൽ മണിച്ചനും കുപ്പണ മദ്യദുരന്തകേസിലെ പ്രതിയായ തമ്പിക്കും പുറത്തിറങ്ങാനായിട്ടില്ല. 25 ലക്ഷത്തിലധികം രൂപ പിഴയായി അടച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. തമ്പിക്കും പിഴ ശിക്ഷ ഒടുക്കിയാൽ മാത്രമേ മോചനം ലഭിക്കൂ. സുപ്രീംകോടതി ഇനി കേസ് പരിഗണിക്കുമ്പോൾ പിഴ ശിക്ഷ ഒഴിവാക്കുന്നതാനായി അപേക്ഷിക്കാനാണ് മണിച്ചൻ്റെ തീരുമാനം.
20 വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ജയില്‍ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും.