പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു

158

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. പലതവണ നടപടികൾ നേരിട്ടിട്ടും ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുന്നതിനാൽ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു കണ്ടെത്തിയതിനാലാണ് നടപടി.
ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ശിവശങ്കരന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥന്റെ വാദങ്ങൾ കേട്ടിരുന്നു. എന്നാൽ ഇയാളുടെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ മേധാവി സർവീസിൽ നിന്നും നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഈ ഉദ്യോഗസ്ഥന്‍ 2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെന്‍ഷനിലാവുകയും 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തല്‍, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് ഈ നടപടികള്‍ നേരിട്ടത്.

Advertisement
Advertisement