
ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോ. വന്ദനാദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. കൊലപാതക കേസ് അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു അഡ്വ. മനോജ് രാജഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനാദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കവേ സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. വിഷയത്തെ സര്‍ക്കാര്‍ ഒരിക്കലും അലസമായി കാണരുതെന്നും സര്‍ക്കാര്‍ കൃത്യമായി ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.