Home Kerala Accident കൊച്ചി തോപ്പുംപടി അപകടം; സി.ഐയെ പ്രതി ചേർക്കും

കൊച്ചി തോപ്പുംപടി അപകടം; സി.ഐയെ പ്രതി ചേർക്കും

0
കൊച്ചി തോപ്പുംപടി അപകടം; സി.ഐയെ പ്രതി ചേർക്കും

അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയ ഇന്‍സ്‌പെക്ടര്‍ രണ്ടുകിലോമീറ്ററിനപ്പുറം വിജനമായ സ്ഥലത്താണ് കാര്‍ നിര്‍ത്തിയത്

കൊച്ചി തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ സ്‌കൂട്ടര്‍ യാത്രികനെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പി.മനുരാജിനെ പ്രതിചേര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കാറോടിച്ചിരുന്ന ഇന്‍സ്‌പെക്ടറുടെ പേര് ചേര്‍ക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്‍സ്‌പെക്ടറെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.
വ്യാഴാഴ്ച രാത്രിയാണ് കടവന്ത്ര ഇന്‍സ്‌പെക്ടര്‍ മനുരാജ് ഓടിച്ചിരുന്ന കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്കേറ്റത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയ ഇന്‍സ്‌പെക്ടര്‍ രണ്ടുകിലോമീറ്ററിനപ്പുറം വിജനമായ സ്ഥലത്താണ് കാര്‍ നിര്‍ത്തിയത്. ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ഒരു വനിതാഡോക്ടറും കാറിലുണ്ടായിരുന്നു. ഇതിനിടെ യുവാക്കള്‍ ബൈക്കുകളില്‍ കാറിനെ പിന്തുടര്‍ന്നെത്തിയിരുന്നു. വിവരമറിഞ്ഞ് തോപ്പുംപടി പോലീസും സ്ഥലത്തെത്തിയെങ്കിലും കാറിലുണ്ടായിരുന്നത് ഇന്‍സ്‌പെക്ടറാണെന്ന് മനസിലായതോടെ നടപടികളൊന്നും സ്വീകരിക്കാതെ മടങ്ങിപ്പോയി. ഇതിനുപിന്നാലെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി.
പരാതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. അതേസമയം, അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് പരാതിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. പാലത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടിയാണ് രണ്ടുകിലോമീറ്ററിനപ്പുറം ഇന്‍സ്‌പെക്ടര്‍ വാഹനം നിര്‍ത്തിയതെന്നും പോലീസ് വാദിച്ചിരുന്നു. സംഭവം വിവാദമായതോടെ തിങ്കളാഴ്ച തോപ്പുംപടി പോലീസ് കേസെടുക്കാന്‍ തയ്യാറായി. എന്നാല്‍ എഫ്.ഐ.ആറില്‍ ഇന്‍സ്‌പെക്ടറുടെ പേര് ചേര്‍ക്കാതിരുന്നതും പ്രതി ‘കാറിന്റെ ഡ്രൈവര്‍’ എന്നുമാത്രം രേഖപ്പെടുത്തിയതും വീണ്ടും വിവാദത്തിന് തിരികൊളുത്തി. അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാതെ ഒളിച്ചുകളിച്ച പോലീസ്, വീണ്ടും ഇന്‍സ്‌പെക്ടറെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നായിരുന്നു ആക്ഷേപം. ഇതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് ഇന്‍സ്‌പെക്ടറെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശമുണ്ടായത്.
തുടക്കംമുതല്‍ പോലീസിന്റെ ഒത്തുകളി നടന്ന സംഭവത്തില്‍ അന്വേഷണച്ചുമതലയും മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. തോപ്പുംപടി ഇന്‍സ്‌പെക്ടറില്‍നിന്ന് മട്ടാഞ്ചേരി അസി. കമ്മീഷണര്‍ക്കാണ് അന്വേഷണച്ചുമതല കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here