
ലോണുകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി ആപ്ലിക്കേഷനുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ളത്. ഇവയില്‍ മിക്കതും നിയമപരമായി പ്രവര്‍ത്തിക്കുന്നവയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം ആപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ 3500 ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് നടപടി.
പേഴ്‌സണല്‍ ലോണുകള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ആപ്പുകള്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ 2021 ല്‍ ഗൂഗിള്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതനുസരിച്ച്, അങ്ങനെയുള്ള ആപ്പുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നുള്ള ലൈസന്‍സ് ലഭിച്ചതായി വ്യക്തമാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, ലൈസന്‍സുള്ള ലോണ്‍ ദാതാക്കള്‍ക്ക് ലോണ്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള പ്ലാറ്റ്‌ഫോം മാത്രമാണെന്ന് തെളിയിക്കണം. ഡെവലപ്പര്‍ അക്കൗണ്ടിന്റെ പേരും രജിസ്റ്റര്‍ ചെയ്ത ബിസിനസിന്റെ പേരും ഒന്നാണെന്നും ആപ്പ് ഡെവലപ്പര്‍മാര്‍ തെളിയിക്കണം.
ഇത് കൂടാതെ ബാങ്കുകള്‍ക്കും, നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്കും ലോണുകളും മറ്റ് സേവനങ്ങളും നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കുന്ന ആപ്പുകളുടെ ഡെവലപ്പര്‍മാര്‍ അവരുടെ പങ്കാളികളായ സ്ഥാപനങ്ങളുടെ പേര് വിവരങ്ങളും അവരുടെ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഡിസ്‌ക്രിപ്ഷനില്‍ നല്‍കണം. ആഗോള തലത്തില്‍ ഗൂഗിള്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.