എറണാകുളത്ത് വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്ന കേന്ദ്രം പൊലീസ് പിടികൂടി; ബംഗാൾ സ്വദേശി അറസ്റ്റിൽ

12

സംസ്ഥാനത്ത് വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്ന കേന്ദ്രം പൊലീസ് പിടികൂടി. എറണാകുളത്തെ കേന്ദ്രമാണ് പൊലീസ് പൂട്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമായി ആർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന സംഘത്തെയാണ് പൊലീസ് കണ്ടെത്തി തകർത്തത്.

സംഭവത്തിലെ പ്രതിയായ സഞ്ജിത് കുമാർ മൂവാറ്റുപുഴയിലെ ചകുങ്കൽ ഗ്രാമത്തിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കേന്ദ്രം നടത്തുകയാണ്. ഇവിടെയാണ് ഇയാൾ വ്യാജ ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നൽകാൻ തുടങ്ങിയത്. ആർ ടി പി സി ആർ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കാണിക്കുന്ന തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റാണ് ഇയാൾ നൽകുന്നത്. എറണാകുളം, കോട്ടയം ജില്ലകളിലെ ആശുപത്രികളുടെയും ലാബുകളുടെയും പേരിലാണ് വ്യാജ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നത്.വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളെക്കുറിച്ച് ആശുപത്രികളും ലാബുകളും പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പേരുകൾ ഉള്ള വ്യാജ തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകളും പൊലീസ് കണ്ടെടുത്തു. എല്ലാ ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിയുടെ കട പൊലീസ് അടപ്പിച്ചു.