അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായി. ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ മോചനം. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെയാണ് തോമസ് കോട്ടൂർ പുറത്തിറങ്ങിയത്. സിസ്റ്റർ സെഫി ഇന്നലെ തന്നെ ജയിൽ മോചിതയായിരുന്നു.
അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികൾക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജിയിൽ തീർപ്പാകും വരെ ഇരുവർക്കും ജാമ്യത്തിൽ തുടരാം. ജാമ്യാപേക്ഷയിൽ പ്രതികളുടെ ഉയർത്തിയ വാദങ്ങൾ പ്രതിരോധിക്കാൻ പ്രോസിക്യൂഷന് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഇരുവർക്കും ജാമ്യം നൽകിയത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകൾ.