40 മാസത്തിനിടെ ഇതാദ്യമായി പണലഭ്യത കമ്മിയിൽ; ബാങ്കുകളുടെ കൈവശമുള്ള പണ ലഭ്യത കുറഞ്ഞു, 21,000 കോടി ആർ.ബി.ഐ നിക്ഷേപിച്ചു

20

രാജ്യത്ത് ബാങ്കുകളുടെ കൈവശമുള്ള പണലഭ്യത ഇടിഞ്ഞു. റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍ പ്രകാരം 40 മാസത്തിനിടെ ഇതാദ്യമായാണ് പണലഭ്യത കമ്മിയിലേയ്ക്ക് പോകുന്നത്.

Advertisement

പണലഭ്യത ഉയര്‍ത്താന്‍ ആര്‍ബിഐ അടിയന്തിരമായി ഇടപെടുകയുംചെയ്തു. ബാങ്കിങ് സംവിധാനത്തിലേയ്ക്ക് 21,000 കോടിരൂപ(1.73 ബില്യണ്‍ ഡോളര്‍)യാണ് ഉടനെ നിക്ഷേപിച്ചത്.

2019നുശേഷം ഇതാദ്യമായാണ് ഇത്രയും തുക ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്നത്. പണലഭ്യത കമ്മിയായതോടെ ഹ്രസ്വകാല വായ്പാ പലിശ(കോള്‍ മണി റേറ്റ്) 5.85ശതമാനത്തിലേയ്ക്ക് ഉയരുകയുംചെയ്തു.

പണലഭ്യതയിലെ കമ്മി രൂക്ഷമാകുമെന്ന സൂചന നല്‍കി കഴിഞ്ഞ ദിവസങ്ങളില്‍ ഹ്രസ്വകാല നിരക്കില്‍ തുടര്‍ച്ചയായി വര്‍ധന പ്രകടമായിരുന്നു. ബാങ്കുകള്‍ പരസ്പരം കടം കൊടുക്കുകയും വാങ്ങുകയുംചെയ്യുന്ന ഇന്റര്‍ബാങ്ക് കോള്‍ നിരക്ക് തിങ്കളാഴ്ച 5.61 ശതമാനമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാകട്ടെ 5.20ശതമാനവും. അരശതമാനത്തിലേറെ വര്‍ധനവാണ് ദിവസങ്ങള്‍ക്കിടെ ഉണ്ടായത്.

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ വിപണിയിലെ പണലഭ്യത കുറയ്ക്കാന്‍ സ്വീകരിച്ച നടപടികളാണ് പെട്ടെന്ന് കമ്മിയുണ്ടാകാന്‍ കാരണം. നിക്ഷേപത്തേക്കാള്‍ വായ്പയില്‍ വര്‍ധനവുണ്ടാകുന്നതും പണ ലഭ്യതക്കുറവിന് കാരണമാകും.

Advertisement