‘കേരളത്തെ അപമാനിച്ച് കിറ്റെക്സ് മുതലാളി’: കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയം, യു.പി ഏറ്റവും മികച്ചതെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്

67

കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരേ രൂക്ഷ വിമർശനവും ഉത്തർപ്രദേശിന് അഭിനന്ദനവുമായി കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പങ്കെടുത്ത ചാനൽ പരിപാടിയിൽവച്ചായിരുന്നു സാബു ജേക്കബ് കേരളത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. കേരളത്തിലെ കോവിഡ് പ്രതിരോധം പൂർണമായും പരാജയപ്പെട്ടു എന്നായിരുന്നു സാബു ജേക്കബിന്റെ ആരോപണം.

കേരള സർക്കാരിന്റെ കോവിഡ് നയം ശരിയല്ല. സർക്കാർ അനാവശ്യമായി ലോക്ഡൗൺ ഏർപ്പെടുത്തുന്നു. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്  ചെയ്യുന്നത്. വാക്സിൻ കൊണ്ട് മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുക. എന്നാൽ കേരള സർക്കാർ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കുന്നത്-സാബു ജേക്കബ് കുറ്റപ്പെടുത്തി. 

നിലവിൽ സർക്കാർ എവിടെയൊക്കെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജനങ്ങൾക്ക് പോലും അറിയില്ല. കേരളത്തിൽ സർക്കാർ സംവിധാനം പൂർണമായും പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ആത്മാർത്ഥതയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

നിലവിൽ കിറ്റക്സിലെ 700ൽ അധികം തൊഴിലാളികളും യുപിയിൽ നിന്നുള്ളവരാണ്. എന്നാൽ ഇതിൽ എടുത്തുപറയേണ്ട കാര്യം നാട്ടിൽ പോയി മടങ്ങിയെത്തുന്ന തൊഴിലാളികളിൽ 50 പേരെ പരിശോധിക്കുമ്പോൾ ഒരാൾക്കും കോവിഡ് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ്. എന്നാൽ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. 50 പേരെ പരിശോധിച്ചാൽ അതിൽ 25 പേരും രോഗ ബാധിതരായിരിക്കും എന്ന് സാബു ജേക്കബ് അഭിമുഖത്തിൽ പറഞ്ഞു.

യുപിയിൽ നിന്ന് കേരളം വരെ യാത്ര ചെയ്തിട്ടും ഇത്തരത്തിൽ ഒരു രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല എന്ന കാര്യത്തിൽ അഭിനന്ദനാർഹമാണ്. കോവിഡിൽ യുപി സർക്കാർ സ്വീകരിച്ച പ്രതിരോധം വളരെ അഭിനന്ദനാർഹമെന്ന് സാബു ജേക്കബ് പറഞ്ഞു. 

സമാധാനപരമായ ഒരു വ്യവസായ ചുറ്റുപാടാണ് അന്വേഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ്. വളരെ ചുരുങ്ങിയ നാളുകളിലാണ് സംസ്ഥാനം ഇത്തരത്തിൽ ഒരു നേട്ടം സ്വന്തമാക്കിയത്. വൈകാതെ തന്നെ ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിനിടെ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാബു ജേക്കബിനെ യുപിയിലേക്ക് സ്വഗതം ചെയ്യുകയും ചെയ്തു.