
തൃശൂർ പൂരത്തിന് സൂപ്പർ ബമ്പറടിച്ച് റെയിൽവേ. രണ്ട് ദിവസത്തിലെ പൂര വരുമാനം 45 ലക്ഷമാണ്. രണ്ട് ദിവസം മാത്രം ടിക്കറ്റെടുത്തത് 46000 പേരാണ്. പൂര കണക്ക് റെയിൽവേ പുറത്ത് വിട്ടു. പൂരത്തിന് തിരക്ക് കണക്കിലെടുത്ത് തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകളൊരുക്കിയതിനൊപ്പം കൂടുതൽ പ്രകാശ സംവിധാനം, കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥർ, സൂചന കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർ, പ്രത്യേക അനൗൺസ്‌മെന്റ്, കുടിവെള്ളത്തിന് അധിക സൗകര്യം തുടങ്ങിയവയ്ക്ക് പുറമെ പൂരംകണ്ട് മടങ്ങുന്നവർക്കായി തൃശൂരിലെ ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും പൂങ്കുന്നത്തു് രണ്ട് കൗണ്ടറുകളും മെയ് ഒന്നിന് വെളുപ്പിന് മൂന്ന് മുതൽ രാവിലെ 11 വരെ പ്രവർത്തിച്ചിരുന്നു. പ്രതിദിനം ശരാശരി ഏഴ് ലക്ഷംരൂപയാണ് തൃശൂർ റെയിൽവേ സ്റ്റേഷന്റേത്. പൂരനാളായ ഏപ്രിൽ 30ന് 17000 യാത്രികരിൽ നിന്നായി 16.75 ലക്ഷം രൂപയും ഉപചാരം ചൊല്ലുന്ന മെയ് ഒന്നിന് 28500 യാത്രികരിൽ നിന്നായി 28.7 ലക്ഷവും വരുമാനം കിട്ടി. സാധാരണ ടിക്കറ്റ് കൗണ്ടറിൽ നിന്നും ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിൽ നിന്നുമുള്ള വരുമാനമാണിത്. ‘യുടിഎസ് ഓൺ മൊബൈൽ’ എന്ന ടിക്കറ്റിങ് ആപ്പ് വഴിയുള്ള വരുമാനം ഇതിൽ ഉൾപ്പെടുന്നില്ല. കഴിഞ്ഞ വർഷം ഇത് യഥാക്രമം 8.5 ലക്ഷവും 13 ലക്ഷവുമായിരുന്നു. പ്രതിദിനം ശരാശരി 400 സാധാരണ ടിക്കറ്റുകൾ വിൽക്കുന്ന പൂങ്കുന്നത്ത് ഏപ്രിൽ 30ന് 505 ടിക്കറ്റും മെയ് ഒന്നിന് 1450 ടിക്കറ്റും നൽകുകയുണ്ടായി. പൂരത്തിനെത്തിയവർക്ക് യാത്രാസൗകര്യമൊരുക്കിയ റെയിൽവേ ഉദ്യോഗസ്ഥരെ തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ അഭിനന്ദിച്ചു.