കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നു

69

കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് വ്യാപകമായി പടരുന്നത്.
ബ്രിട്ടനിൽ‌ ഓഗസ്റ്റ് പതിനാലുമുതലുള്ള കണക്കുകളിൽ BA.4.6ന്റെ വ്യാപനം 3.3% സാമ്പിളുകളിലാണ് കണ്ടെത്തിയത്. തുടർന്നിങ്ങോട്ട് ഇതിൽ 9% വർധനവുണ്ടായെന്നും കണക്കുകൾ പറയുന്നു. യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
സിഡിസിപി(സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ)യുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ പുതിയ ഉപവകഭേദത്തിന്റെ വ്യാപനം 9 ശതമാനത്തോളമാണുള്ളത്. ലോകത്തെ മറ്റു പലരാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഒമിക്രോണിന്റെ വകഭേദമായ BA.4ന്റെ പിൻഗാമിയാണ് BA.4.6. ഈ വർഷം ജനുവരിയിൽ സൗത്ആഫ്രിക്കയിലാണ് BA.4 വകഭേദം ആദ്യമായി കണ്ടെത്തിയത്. BA.5 വകഭേദത്തിനൊപ്പം പുതിയ വകഭേദവും വ്യാപിച്ചിരുന്നുവെന്നാണ് കണക്കുകൂട്ടൽ.
കോവിഡിന് കാരണമാകുന്ന രണ്ടു വ്യത്യസ്ത വകഭേദങ്ങൾ പുനഃസംയോജിച്ച് ഉണ്ടാകുന്ന വകഭേദമാണ് ഇതെന്നാണ് വിലയിരുത്തൽ. ഒമിക്രോൺ വ്യാപനം കൂടുതലായിരുന്നെങ്കിലും ആശുപത്രിവാസവും മരണനിരക്കും താരതമ്യേന കുറവായിരുന്നു. ഇതേ സാഹചര്യം തന്നെയായിരിക്കും BA.4.6ലും സംഭവിക്കുക എന്നാണ് കരുതുന്നത്.
സാഹചര്യം പൂർണമായും പഴയപടി ആയിട്ടില്ലെന്നും ഇപ്പോഴും ഓരോ 44 സെക്കൻഡിലും കോവി‍ഡ് മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും അടുത്തിടെയാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.

Advertisement
Advertisement