സ്വന്തം രോഗാവസ്ഥയുടെ അവശതയെ അവഗണിച്ച് ഡോക്ടർ ഓടിയെത്തി രക്ഷിച്ചത് പിഞ്ചു കുഞ്ഞിന്റെ ജീവൻ; തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ പ്രവൃത്തി പുറത്തറിഞ്ഞത് അമ്മയുടെ നന്ദി കുറിപ്പിൽ

2

സ്വന്തം രോഗാവസ്ഥയുടെ അവശതയെ അവഗണിച്ച് ഡോക്ടർ ഓടിയെത്തി രക്ഷിച്ചത് പിഞ്ചു കുഞ്ഞിന്റെ ജീവൻ. ഡോക്ടർക്കും മെഡിക്കൽ കോളേജിനും നന്ദിയറിയിച്ച് അമ്മ. ഗുരുതരാവസ്ഥയില്‍ രാത്രിയില്‍ ആശുപത്രിയിലെത്തിച്ച 31 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിക്കുകയായിരുന്നു മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ബീജോണിന്റെ നേതൃത്വത്തിലുള്ള സംഘം. ഒരാഴ്ച മുമ്പ് നടന്ന സംഭവം കുഞ്ഞിന്റെ അമ്മ പറഞ്ഞപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. മെഡിക്കല്‍ കോളേജ് ശിശുരോഗ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ബിജോണ്‍ ജോണ്‍സനാണ് തന്റെ രോഗത്തെയും അവശതയെയും അവഗണിച്ച് രാത്രിയില്‍ ഓടിയെത്തി ശസ്ത്രക്രിയ നടത്തിയത്. സമീപ ദിവസങ്ങളിൽ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ഡോ. ബിജോണിന് ബൈപാസ് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു.

Advertisement

പാലക്കാട് മലമ്പുഴ അകത്തേത്തറ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന്റെ ജീവനാണ് രക്ഷിച്ചത്. ഛര്‍ദിയെത്തുടര്‍ന്നാണ് കുഞ്ഞിനെ രാത്രി പതിനൊന്നോടെയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. ഉടനെ ഡോ. ബിജോണിനെ വിവരമറിയിക്കുകയായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട ബിജോൺ തന്റെ രോഗാവസ്ഥയും അവശതയും മറന്ന് ഉടൻ പുറപ്പെടുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖംപ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു.

വകുപ്പില്‍ ഡോക്ടര്‍മാര്‍ കുറവായതിനാല്‍ അവധിയെടുക്കാതെയാണ് ഡോക്ടര്‍ ബീജോണിന്റെ സേവനം. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. നീതു, ഡോ. ഡാരിസ് എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. വിവരം അറിഞ്ഞ് അന്വേഷിച്ചവരോട് താൻ തന്റെ കടമയാണ് നിർവഹിച്ചതെന്നും തന്റെ രോഗാവശതയെക്കാൾ ഒരു ജീവൻ രക്ഷിക്കുകയാണ് ഡോക്ടറുടെ ഉത്തരവാദിത്വമെന്നും ടീമിന്റെയാകെ പ്രവർത്തനമാണ് അതിന്റെ വിജയമെന്നും ഡോക്ടർ പറഞ്ഞു. സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെയും ഡോക്ടർമാർക്ക് നേരെയും നെഗറ്റീവ് വാർത്തകൾ മാത്രം പ്രചരിക്കുമ്പോഴാണ് ഡോക്ടർമാരുടെ നന്മയുള്ള പ്രവർത്തികൾ അറിയാതെയും പോകുന്നത്.

Advertisement