കോവിഡിൽ ജീവൻ നഷ്ടപ്പെട്ടത് 1800 ഡോക്ടർമാർ; ഐ.എം.എ റിപ്പോർട്ട്‌ പുറത്ത്

6

രാജ്യത്ത് മൂന്നു കോവിഡ് തരംഗങ്ങളിലുമായി മരിച്ച ഡോക്ടർമാരിൽ ഭൂരിഭാഗവും സർക്കാർ കണക്കുകളിൽനിന്ന് പുറത്ത്. 1,800 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ.) റിപ്പോർട്ട്. എന്നാൽ, സർക്കാർ കണക്കുകളിൽ കോവിഡ് ചികിത്സയ്ക്കിടെ മരിച്ച ഡോക്ടർമാരുടെ എണ്ണം 424 മാത്രമാണ്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ഇൻഷുറൻസ് പ്രകാരം ഇവരുടെ കുടുംബങ്ങൾക്കു 50 ലക്ഷംവീതം 212 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഡോ. കെ.വി. ബാബു നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് ആശുപത്രികളിലെ സേവനത്തിനിടെ മരിച്ച ഡോക്ടർമാരെ മാത്രമാണ് നഷ്ടപരിഹാരത്തിനായി പരിഗണിച്ചത്. കോവിഡ് കാലത്ത് ആശുപത്രികൾ അടച്ചിടരുതെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരിൽ ഭൂരിഭാഗം പേരും ഇത്തരം ആശുപത്രികളിൽ ജോലിചെയ്തിരുന്നവരാണ്. നഷ്ടപരിഹാരത്തിന് ഇവരേയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ പ്രദീപ് അറോറ ഉൾപ്പടെയുള്ള ഡോക്ടർമാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഓക്ടോബർ ആദ്യവാരം വാദം കേൾക്കും.
കോവിഡ് ആദ്യതരംഗത്തിൽ 757-ലധികം ഡോക്ടർമാർ മരിച്ചതായാണ് ഐ.എം.എ. കണക്കാക്കുന്നത്. രണ്ടാം തരംഗത്തിൽ ജൂൺ അഞ്ച് ആയപ്പോൾ അത്‌ 839-ലെത്തി.
ഒരുദിവസം 20 മരണംവരെ ഉണ്ടായി. മരണമടഞ്ഞവരുടെ കൂട്ടത്തിൽ ഐ.എം.എ. മുൻ ദേശീയ പ്രസിഡന്റ് ഡോ. കെ.കെ. അഗർവാളും ഉൾപ്പെടുന്നു.

Advertisement
Advertisement