കോവിഡ് വ്യാപനം: ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗവും അവലോകനവും ഇന്ന്: നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിൽ പരിശോധിക്കുന്നു; ഇളവുകളിൽ നിയന്ത്രണ നിർദേശം പാലിച്ചില്ലെന്ന് ആരോഗ്യവകുപ്പ്

24

കോവിഡ് കേസുകൾ കൂടുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്‍റെ അടിയന്തര യോഗം ഇന്ന്. സാഹചര്യം വിലയിരുത്തുന്നതോടൊപ്പം പരിശോധനകൾ കുത്തനെ കൂട്ടാനും, മൂന്നാംതരംഗം നേരിടാനുള്ള മുന്നൊരുക്കം ഊർജ്ജിതമാക്കാനും നിർദേശം നൽകും. ഓണത്തിന് ശേഷമുള്ള വ്യാപനം ഈയാഴ്ച്ചയിൽ തന്നെ വ്യക്തമാകുമെന്നാണ് കണക്കാക്കുന്നത്. ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗവും ഇന്ന് ചേരും. നിയന്ത്രണം കൂടുതൽ കടുപ്പിക്കണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും.

സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന്  നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഇറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തുന്നു. 

അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചു.