കോവിഡ് കേസുകളിൽ കുതിപ്പ്: 24 മണിക്കൂറിനുള്ളിൽ കാൽ ലക്ഷത്തിലധികം രോഗികൾ; ഒരാഴ്ചക്കിടയിൽ നാലിരട്ടി വർധന

12

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് കേസുകളിൽ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തിൽപരം കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ പതിനായിരത്തിനടുത്താണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. 4,512 പേർക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകളിൽ 51 ശതമാനം വർധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. അതേസമയം, രാജ്യത്തെ കൗമാരക്കാരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. രാത്രി 12 മണി വരെ 4 ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. 15നും 18 നും ഇടയിൽ പ്രായമുള്ള പത്ത് കോടി പേരാണ് വാക്സിനേഷന് അർഹതയുള്ളത്. മഹാരാഷ്ട്രയിൽ രജിസ്ട്രേഷൻ തടസപ്പെട്ടതായി പരാതിയുണ്ട്. രജിസ്ട്രേഷൻ സൈറ്റിന്‍റെ സാങ്കേതിക തകരാറാണ് കാരണം.

Advertisement
Advertisement