വടക്കാഞ്ചേരിയിൽ കോവിഡ് വ്യാപനം തടയാൻ നിയോജക മണ്ഡലം തല കോർഡിനേഷൻ: സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എം.എൽ.എ യോഗം വിളിച്ചു ചേർത്തു

12

കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശ പ്രകാരം നിയോജകമണ്ഡലം തലത്തിൽ സേവ്യർ ചിറ്റിലപ്പിള്ളിയുടെ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വടക്കാഞ്ചേരി നഗര സഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. നഫീസ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ജോസഫ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷ ടീച്ചർ, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. ബൈജു, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. പോൾസൺ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, മെഡിക്കൽ ഓഫീസർമാർ, വടക്കാഞ്ചേരി – മെഡിക്കൽ കോളേജ് – പേരാമംഗലം – വിയ്യൂർ പോലീസ് എസ്.എച്ച്.ഓ മാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. നിയോജകമണ്ഡലം തലത്തിൽ നോഡൽ ഓഫീസറായി നിയമിതനായ എം.ജി.എൻ.ആർ.ഇ.ജി.എസ് ജോയിൻ്റ് പ്രോഗ്രാം കോഡിനേറ്റർ പി. സി. ബാലഗോപാൽ സ്വാഗതം പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനും സമ്പൂർണ്ണ വാക്സിനേഷനും ആവശ്യമായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശ സ്ഥാപന തലത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി പ്രവർത്തിക്കണമെന്നും യോഗം തീരുമാനിച്ചു. എല്ലാ ദിവസവും തദ്ദേശ സ്ഥാപന തലത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് വിലയിരുത്തൽ നടത്തണം. ഡൊമിസിലിയറി കെയർ സെൻ്ററുകളുടെ പ്രവർത്തനം സജീവമല്ലാത്ത പഞ്ചായത്തുകളിൽ അവ പുനരാരംഭിക്കാനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രോഗികൾക്കായി യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും തീരുമാനമെടുത്തു. വാർഡ് തലത്തിൽ ആർ.ആർ.ടി പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനായി ആശാ വർക്കർ, അംഗൻവാടി വർക്കർ, ഹെൽപ്പർ എന്നിവരോടൊപ്പം കുടുംബശ്രീ സി.ഡി.എസ് അംഗം, എ.ഡി.എസ് ഭാരവാഹികൾ, ആരോഗ്യ ദായക വളണ്ടിയർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ചേർത്ത് ആർ.ആർ.ടി പ്രവർത്തനം കാര്യക്ഷമമാക്കണം. വാർഡ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കണം. വീടുകളിൽ കഴിയുന്ന രോഗികളെയും ക്വാറൻ്റീനിൽ കഴിയുന്നവരുടെയും വിവരങ്ങൾ യഥാസമയം അന്വേഷിക്കുന്ന സ്ഥിതിയുണ്ടാക്കണം. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിനായി പോലീസ് സഹായം ഉണ്ടാകണം. തദ്ദേശ സ്ഥാപനങ്ങൾ രോഗികൾക്കും ക്വാറൻ്റീനിൽ കഴിയുന്നവർക്കുമായി കൃത്യമായ നിർദ്ദേശങ്ങൾ നൽകണം. പോസ്റ്റ് കോവിഡ് രോഗികൾക്കായും നിർദ്ദേശങ്ങൾ നൽകുകയും ഇവരുടെ ചികിത്സക്കായി പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കുകയും വേണം. സമ്പർക്ക പട്ടിക തയ്യാറാക്കുന്ന കാര്യങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ കൃത്യമായി നടപ്പിലാക്കുകയും രോഗികളുടെയും സമ്പർക്കത്തിലുള്ളവരുടെയും വിവരങ്ങൾ പോലീസിന് കൈമാറി പോലീസിൻ്റെ ഇടപെടൽ ഉറപ്പു വരുത്തുകയും വേണം. കണ്ടെയ്ൻമെൻ്റ് സോണുകളിൽ അനൗൺസ്മെൻ്റ് നടത്തി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകണം. മരണം സംഭവിച്ച വീടുകൾ, കല്യാണം ഉൾപ്പെടെയുള്ള വീടുകളിലെ ഫങ്ഷനുകൾ എന്നിവയിൽ മോണിറ്ററിങ് ഉണ്ടാകണം. ആർ.ആർ.ടി യുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും ഷോപ്പിങ് കോംപ്ലക്സുകളിൽ അനൗൺസ്മെൻ്റുകളും ശക്തിപ്പെടുത്തണം.

വാക്സിനേഷൻ ദ്രുതഗതിയിലാക്കുന്നതിനും യോഗം തീരുമാനിച്ചു. വ്യവസായ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികൾക്കുൾപ്പെടെ വാക്സിൻ നൽകുന്ന പ്രവർത്തനം വേഗത്തിലാക്കാൻ തീരുമാനിച്ചു.

നിയോജകമണ്ഡലം യോഗത്തെ തുടർന്ന് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ അദ്ധ്യക്ഷതയിലും വടക്കാഞ്ചേരി നഗരസഭയിൽ നഗരസഭ ചെയർമാൻ്റെ അദ്ധ്യക്ഷതയിലും എം എൽ എ നേരിട്ട് പങ്കെടുത്തുകൊണ്ട് കോവിഡ് അവലോകന യോഗങ്ങൾ ചേർന്നു. മേൽപ്പറഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ആക്ഷൻ പ്ലാൻ രൂപീകരിച്ചു.