ഇരുപത്തിനാല് മണിക്കൂറിനിടെ 72,330 പേര്‍ക്കു കൂടി കോവിഡ്

19

ഇരുപത്തിനാല് മണിക്കൂറിനിടെ 72,330 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി. കഴിഞ്ഞ ആറ് മാസക്കാലയളവിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിനക്കണക്കുകളിലൊന്നാണിത്. 

40,382 പേര്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,14,74,683 പേരാണ് കോവിഡ് മുക്തരായത്. നിലവില്‍ 5,84,055 സജീവരോഗികളാണുള്ളത്. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 459 പേര്‍ കോവിഡ് മൂലം മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,62,927 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മരണസംഖ്യ 354 ആയിരുന്നു.  

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 79 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പ്രതിദിനരോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്‍പന്തിയില്‍. 39,544 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ബുധനാഴ്ച പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള നടപടികളെ കുറിച്ചുള്ള ആലോചനയിലാണ് വിവിധ സംസ്ഥാനങ്ങള്‍.