കോവിഡ് പ്രാദേശികമായി ചുരുങ്ങുകയാണെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ഗവേഷക ഡോ. സൗമ്യ സ്വാമിനാഥൻ

35

കോവിഡ് പ്രാദേശികമായി ചുരുങ്ങുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാവാമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ഗവേഷക ഡോ.സൗമ്യ സ്വാമിനാഥന്‍. ‘ദി വയറി’ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

വൈറസ് ഒരു രാജ്യത്ത് തുടങ്ങി, പല രാജ്യങ്ങളിലേക്ക് പടരുന്നതാണ് മഹാമാരി അഥവാ പാന്‍ഡമിക്. അതേസമയം വൈറസിനൊപ്പം ജനങ്ങള്‍ ജീവിക്കാന്‍ പഠിക്കുന്ന ഘട്ടമാണ് എന്‍ഡമിക്. ഇത് ഒരു നിശ്ചിത പ്രദേശത്ത് ചുരുങ്ങുന്നു. വ്യാപനം കുറയുകയോ മിതമാവുകയോ ചെയ്യുന്നു. നേരത്തെ രാജ്യത്ത് ഉണ്ടായിരുന്നത് പോലെ കോവിഡ് അതിവ്യാപനമോ എന്നാല്‍ വ്യാപനമില്ലായ്മയോ നിലവില്‍ ഇല്ലെന്നും സൗമ്യ സ്വാമിനാഥന്‍ വിശദീകരിച്ചു. 

ഇന്ത്യയുടെ വലിപ്പവും ജനസംഖ്യയുടെ വൈവിധ്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുടെ പ്രതിരോധ ശേഷിയും കണക്കിലെടുക്കുമ്പോള്‍ കോവിഡ് ഏറ്റക്കുറച്ചിലുകളോടെ തുടരുന്നത് സ്വാഭാവികമാണ്. ഇതുവരെ കോവിഡ് ബാധിക്കാത്തവര്‍ കൂടുതലായുള്ള, വാക്‌സിന്‍ സ്വീകരിക്കാത്ത വിഭാഗം കൂടുതലായുള്ള പ്രദേശത്താവും അടുത്ത ഘട്ടത്തില്‍ കോവിഡ് തരംഗം ബാധിക്കുകയെന്ന് ഡോ.സൗമ്യ സ്വാമിനാഥന്‍ വിശദീകരിച്ചു. 

കോവിഡ് മൂന്നാം തരംഗം എങ്ങനെയാവുമെന്നും എപ്പോഴാവുമെന്നും പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇപ്പോള്‍ പുറത്തുവരുന്നത് നിലവിലെ വ്യാപനതോത് അടിസ്ഥാനമാക്കിയുള്ള സാധ്യതകള്‍ മാത്രമാണ്. കോവിഡ് അടുത്ത തരംഗം കുട്ടികളെ ബാധിക്കുമെന്ന സാധ്യതയില്‍ രക്ഷിതാക്കള്‍ ആശങ്കരാവേണ്ടതില്ല. ഇതുവരെയുള്ള പഠനങ്ങള്‍ പ്രകാരം കുട്ടികളെ കോവിഡ് ചെറിയ രീതിയില്‍ മാത്രമാണ് ബാധിച്ചത്. അതുകൊണ്ടുതന്നെ മരണനിരക്കും കുറവാണ്. ഇപ്പോള്‍ നമുക്ക് കുട്ടികളെ പ്രവേശിപ്പിക്കാനുളള സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചും ചികിത്സാ സൗകര്യങ്ങള്‍ കൂട്ടിയും തയ്യാറെടുക്കാനുള്ള സമയമുണ്ട്. 

2022ഓടെ രാജ്യത്തെ വാക്‌സിന്‍ വിതരണം 70 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ രാജ്യങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് തിരിച്ചുപോവാന്‍ സാധിക്കുമെന്നും ഡോ.സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു