അവശ്യമരുന്നുകൾക്ക് വില വർധിക്കുന്നു; വില വർധനവ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

4

മൊത്തവ്യാപാര വിലസൂചികയിലെ വ്യത്യാസത്തിന്റെ ഫലമായി രാജ്യത്തെ അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ ചെറിയതോതിൽ വില കൂടും. തൊള്ളായിരത്തോളം മരുന്നുകൾക്കാണ് 0.53638 ശതമാനം വില കൂടുക. ഹൃദയധമനികളിലെ തടസ്സം പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്ന്‌ നിറച്ച സ്റ്റെന്റുകൾക്ക് ശരാശരി 165 രൂപയാണ് വർധിക്കുക. വിവിധയിനം ഐ.വി. ഫ്ളൂയിഡുകൾക്കും വിലയേറും.

ഓരോ രാജ്യത്തെയും സാഹചര്യങ്ങൾക്കനുസരിച്ചാണ് ജീവൻരക്ഷാമരുന്നുകൾ നിശ്ചയിക്കുക. ഇന്ത്യയിൽ ഇ പട്ടികയിൽ വരുന്ന മരുന്നുകളാണ് ഔഷധവിലനിയന്ത്രണത്തിൽ വരുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാവർഷത്തെയും മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തിൽ പുതുക്കും. കഴിഞ്ഞ മൂന്നുവർഷമായി വില കൂടുകതന്നെയായിരുന്നു. അതിന് മുമ്പൊരുവർഷം മൊത്തവ്യാപാരവിലസൂചികയിൽ കുറവുണ്ടാവുകയും മരുന്നുവില കുറയുകയും ചെയ്തിരുന്നു.

വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വ്യവസായവികസന- ആഭ്യന്തരവ്യാപാരവകുപ്പാണ് കഴിഞ്ഞുപോയ വർഷത്തെ സൂചിക തയ്യാറാക്കുന്നത്. മുൻവർഷത്തെ വിപണിയുമായി താരതമ്യംചെയ്താണ് സൂചിക നിശ്ചയിക്കുക. ഇത്തരത്തിൽ നിശ്ചയിക്കുന്ന സൂചിക അടിസ്ഥാനമാക്കി അവശ്യമരുന്നുവില പുനഃക്രമീകരിക്കാമെന്ന് ഔഷധനിയമത്തിലുണ്ട്.

പുതിയ സൂചികപ്രകാരം നിലവിൽ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്റ്റെന്റുകൾക്ക് 165 രൂപ കൂടി 30,812 ആകും. ബെയർ മെറ്റൽ സ്റ്റെന്റുകളുടെ വില 8417-ൽനിന്ന് 8462 രൂപയായാണ് മാറുക. കഴിഞ്ഞ വർഷം 1.8846 ശതമാനമായിരുന്നു സൂചിക. അതായത് ഇത്തവണത്തേക്കാൾ വർധിച്ചിരുന്നു.

ഓരോ മരുന്നുമെടുത്തുനോക്കുമ്പോൾ ചെറിയ നിരക്കിലാണ് വർധന. എന്നാൽ, കൂടുതൽ വിലയുള്ള മരുന്നുകളുടെ കാര്യത്തിൽ വർധന രോഗികൾക്ക് വലിയ ഭാരമായിത്തീരും. ഉദാഹരണത്തിന് അർബുദചികിത്സയിൽ ഏറെ ഫലപ്രദമായ ട്രാസ്റ്റുസുമാബ് കുത്തിവെപ്പിന് നിലവിൽ 59976.96 രൂപയാണ്. ഇതിന്റെ പുതിയ വില 60,299 രൂപയാകും. ജീവിതശൈലീരോഗികളെയാണ് വിലക്കൂടുതൽ കൂടുതൽ ബാധിക്കുക