ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിലെത്തി

29

ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിലെത്തി. ബ്ലാക്ക് ഫംഗസിന്‍റെ മരുന്നായ ലൈപോ സോമല്‍ ആംഫോടെറിസിന്‍ ഇഞ്ചക്ഷനാണ് സംസ്ഥാനത്തെത്തിയത്. 220 വയല്‍ മരുന്നാണ് നെടുമ്പാശ്ശേരിയില്‍ വിമാനമാര്‍ഗം എത്തിച്ചത്. മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രികള്‍ക്ക് ഇന്നുതന്നെ മരുന്ന് വിതരണം ചെയ്യും. അതേസമയം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ബ്ലാക്ക് ഫംഗസ് ബാധ ഓരോരുത്തരിലും എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താനുള്ള ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 49 പേർക്കാണ്. ഇതിൽ 9 പേർ മരിച്ചു. നിലവിൽ 40 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. മലപ്പുറത്താണ് കൂടുതൽ രോഗികൾ. 11 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലും മ്യൂക്കർമൈക്കോസിസ് ബാധിച്ചവരുടെ എണ്ണം കൂടി. കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫംഗസ് ബാധ ഓരോരുത്തരിലും എങ്ങനെ ഉണ്ടായെന്ന് അറിയാനുള്ള ഓഡിറ്റിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു