ഡൽഹിയിൽ മലയാളം സംസാരിക്കുന്നതിന് നഴ്സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ആശുപത്രി

29

മലയാളം സംസാരിക്കുന്നതിന് നഴ്സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി. തൊഴില്‍ സമയത്ത് നഴ്സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതര്‍ മലയാളത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്.

തൊഴില്‍ സമയത്ത്​ ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ്​ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും​ മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു​. ആശുപത്രിയില്‍ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്​. ഇവിടെ നിന്നുള്ളവര്‍ ആ​ശയവിനിമയം നടത്തുന്നത്​ അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്​സുമാര്‍ പറഞ്ഞു.