നിപ വൈറസ്: എല്ലാ ജില്ലകളിലും ജാഗ്രത

13

സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ജാഗ്രത. ആരോഗ്യവകുപ്പ് നിപ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി. എല്ലാ ജില്ലയും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പ്രത്യേക നിപ മാനേജ്‌മെന്റ് പ്ലാൻ ജില്ലകൾ തയ്യാറാക്കണം. എൻസെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷിക്കും. പുതുക്കിയ ചികിത്സാ മാർഗരേഖയും ഡിസ്ചാർജ് ഗൈഡ്‌ലൈനും പുറത്തിറക്കി. സ്വകാര്യ ആശുപത്രികളും ഇത് പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാന-ജില്ലാ ആശുപത്രികൾ ഏകോപിപ്പിച്ചാണ് നിപ മാനേജ്‌മെന്റ് പ്ലാൻ. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിസാസ്റ്റർ മാനേജ്‌മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ ചേർന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്‌മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേർന്നതാണ് ജില്ലാതല സമിതി. നിരീക്ഷണം, പരിശോധന, രോഗികളുടെ പരിചരണം എന്നിവയാണ് പ്രധാനം. രോഗികളുമായി ബന്ധപ്പെട്ടവരുടെ പട്ടികതയ്യാറാക്കലും ക്വാറന്റീനും നടത്തണം. ദിവസവും ഏകോപന യോഗങ്ങൾ നടത്തി വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിക്കും.