ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുകയും കോവിഡ് ചികിത്സയില്‍ വീഴ്ച വരുത്തുകയും ചെയ്ത കോവിഡ് ആശുപത്രി ആരോഗ്യവകുപ്പ് പൂട്ടിച്ചു: പല്ലിശേരി ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിക്കെതിരെയാണ് ആരോഗ്യവകുപ്പിന്റെ നടപടി

10

തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുകയും കോവിഡ് ചികിത്സയില്‍ വീഴച വരുത്തുകയും ചെയ്ത കോവിഡ് ആശുപത്രി പൂട്ടിച്ചു. തൃശൂര്‍ പല്ലിശേരിയിലുള്ള ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിക്കെതിരേയാണ് ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കാത്തതിനാലും മരണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാലുമാണ് നടപടി സ്വീകരിച്ചത്.

ഇവിടെ കോവിഡ് കെയര്‍ സെന്റര്‍ എന്ന രീതിയില്‍ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരികയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യമില്ലെന്ന് ഡിഎംഓയുടെ പരിശോധനയില്‍ കണ്ടെത്തി. ഇവിടെ ഡോക്ടറുടെ കുറവുള്‍പ്പെടെയുള്ള അപര്യാപ്തകളുണ്ടായിരുന്നു. 

പരാതി കിട്ടിയതിനേത്തുടര്‍ന്നാണ് അന്വേഷണത്തിന് എത്തിയതെന്ന് തൃശ്ശൂര്‍ ഡിഎംഒ പറഞ്ഞു. സ്ഥാപനം ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ല. സ്ഥിരമായി മുഴുവന്‍ സമയ ഡോക്ടറുമില്ല. അതിനാല്‍ രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും അപര്യാപ്തതകള്‍ പരിഹരിക്കുന്നത് വരെ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്നും ഡിഎംഒ വ്യക്തമാക്കി.