
ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പന്നിപ്പനി പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാനുള്ള സാധ്യത കുറവാണെന്നും വകുപ്പ് അറിയിച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച പന്നിഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിതപ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കണം.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെയും ഒരു കി.മീ ചുറ്റളവിലുള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും ഉടൻ ഉൻമൂലനം ചെയ്യുകയും ജഡം മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുകയും ചെയ്യും. രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽ നിന്നും മറ്റു ഫാമുകളിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച് അന്വേഷണ റിപ്പോർട് തയ്യാറാക്കും.
ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുളള മറ്റ് പ്രവേശനമാർഗ്ഗങ്ങളിലും പോലീസുമായും ആർടി ഒ യുമായി ചേർന്ന് മൃഗസംരക്ഷണവകുപ്പ് കർശന പരിശോധന നടത്തും.
രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണസ്ഥാപന പരിധിയിൽ പോലീസ് മൃഗസംരക്ഷണവകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ്ഓഫീസർ എന്നിവരുൾപ്പെട്ട റാപ്പിഡ് റസ്പോൺസ് ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും.