കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയി; സ്ഥിരീകരിച്ചത് ആലപ്പുഴ, പാലക്കാട്‌, എറണാകുളം ജില്ലകളിൽ

6

രാജ്യത്ത് പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ H3N2 ഇൻഫ്ളുവൻസ വൈറസ് സ്ഥിരീകരിച്ച കേരളത്തിലെ കേസുകളുടെ എണ്ണം പതിമൂന്ന് ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു.
ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാവരും ഇൻഫ്ളുവൻസ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും മറ്റേത് ശ്വാസകോശരോഗങ്ങളെയും പോലെയാണ് ഈ രോഗമെന്നും ആരോഗ്യവിദഗ്ധനും മുൻ കോവി‍ഡ് നോഡൽ ഓഫീസറുമായ അമർ എസ്.ഫെറ്റിൽ വ്യക്തമാക്കി.
മാസ്ക് ഉപയോഗം ശീലമാക്കണമെന്നും രോഗബാധയുള്ളവർ മതിയായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധയുണ്ടായാൽ വീടുകളിൽ കഴിയുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയംചികിത്സ നടത്താതെ വിദഗ്ധോപദേശം തേടണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
H3N2 ഉൾപ്പെടെയുള്ള എല്ലാ പകർച്ചപ്പനികളും നേരിടാൻ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞദിവസം കേന്ദ്രം നിർദേശം നൽകിയിരുന്നു.

Advertisement
Advertisement