ഇരുപത് എം.എൽ.ഡി ട്രീറ്റ്‌മെന്റ് പ്ലാന്റ് വന്നിട്ടും തൃശൂർ നഗരത്തിൽ ജനത്തിന് കിട്ടുന്നത് ചേറിന്റെ നിറമുള്ള വെള്ളം: ശുദ്ധമായ കുടിവെള്ളത്തിന് വേണ്ടി നാട്ടുകാരോടൊപ്പം സമരത്തിന് ഇറങ്ങുമെന്ന് ജോൺ ഡാനിയൽ

171

തൃശൂർ നഗരത്തിൽ ലഭിക്കുന്നത് ചെളിവെള്ളമെന്ന് പരാതി. കിഴക്കുംപാട്ടുകര ഡിവിഷനിൽ കിട്ടുന്ന കുടിവെള്ളത്തിന് പാടത്തെ ചേറിന്റെ നിറമാണ്‌. കഴിഞ്ഞ ഒരാഴ്ചയോളമായി ഇങ്ങനെയാണ്. പകൽ സമയങ്ങളിൽ വെള്ളം ലഭിക്കാറില്ല. വൈകീട്ട് കിട്ടുന്ന വെള്ളമാകട്ടെ നിറവ്യത്യാസമുള്ളതും. അധികാരികൾക്ക് നിറവ്യത്യാസമുള്ള വെള്ളത്തിന്റെ ഫോട്ടോ സഹിതം പരാതി നൽകിയിട്ടുണ്ടെന്ന് ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു. കുടിവെള്ള വിഷയത്തിൽ കോർപ്പറേഷൻ സ്വീകരിച്ച നടപടികൾ ഗിമ്മിക്ക് ആണെന്നും ഇരുപത് എംഎൽഡി ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമാണം കഴിഞ്ഞാൽ നിറവ്യത്യാസമുള്ള കുടിവെള്ളം വിതരണം ഉണ്ടാവില്ലെന്ന കോർപ്പറേഷന്റെയും വാട്ടർ അതോററ്റിയിയുടേയും പ്രഖ്യാപനം പൊളിഞ്ഞെന്നും ജോൺ ഡാനിയൽ പറഞ്ഞു. ജനത്തിന് ഇതുപോലെ കുടിവെള്ളം കിട്ടാക്കനിയായി മാറിയ സാഹചര്യം ഇതു വരെ ഉണ്ടായിട്ടില്ല. പരിഹാരം ഉണ്ടായില്ലെങ്കിൽ അധികാരികൾക്കെതിരെ നാട്ടുകാരോടൊപ്പം ചേർന്ന് സമരത്തിന് ഇറങ്ങുമെന്ന് ജോൺ ഡാനിയൽ അറിയിച്ചു. കുടിവെള്ള പ്രശ്‌നത്തിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് കൗൺസിലർമാരുടെ സമരം തീരുമാനിച്ചുവെങ്കിലും ഉടൻ പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പിൽ സമരം ഉപേക്ഷിക്കുകയായിരുന്നു. സമരം ഉപേക്ഷിച്ചതിനെതിരെ പ്രതിപക്ഷം മേയർക്കെതിരെ രംഗത്ത് വന്നിരുന്നു.