മൂന്നാംഘട്ട വാക്സിൻ മൂന്ന് മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തത് 80 ലക്ഷം പേർ

27

18 മുതല്‍ 44 വയസ്സുവരെയുളള എല്ലാവര്‍ക്കും മെയ് ഒന്നുമുതല്‍ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിനേഷന് വേണ്ടിയുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൂന്നുമണിക്കൂറിനുള്ളില്‍ 80 ലക്ഷം പേരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്.

മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സിനുമുകളിലുളള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നത്. നിലവില്‍ 45 വയസ്സിനുമുകളിലുളള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. 

രജിസ്‌ട്രേഷനായി ശ്രമിച്ച നിരവധി പേര്‍ക്ക് 45 വയസ്സിന് താഴെയുളളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആശുപത്രികള്‍ കണ്ടെത്താനായില്ല. സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ആര്‍.എസ്.ശര്‍മ പറഞ്ഞു. സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും തങ്ങളുടെ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളെ കുറിച്ചും വാക്‌സിന്‍ വിലയെ കുറിച്ചും ബോര്‍ഡില്‍ എത്തുന്നതോടെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. ചില ആശുപത്രികള്‍ മെയ് ഒന്നിനോ അതിന് ശേഷമോ ആയിരിക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കുക.

സംസ്ഥാനങ്ങള്‍ ഉല്പാദകര്‍ക്ക് വാക്‌സിന്‍ ഓര്‍ഡറുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും വാക്‌സിന്‍ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ കോവിനില്‍ അപ്‌ഡേറ്റ് ചെയ്യും. തുടര്‍ന്ന് ജനങ്ങള്‍ക്ക് സ്ലോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും ശര്‍മ പറഞ്ഞു. 

പതിനെട്ട് വയസ്സിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡിന്റെ വില നാനൂറില്‍ നിന്ന് മുന്നൂറായി കുറച്ചിരുന്നു. 

തുടക്കത്തില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട കോവിന്‍ ആപ്പില്‍ ചില തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അതെല്ലാം പരിഹരിച്ചതായി ആരോഗ്യസേതു അധികൃതര്‍ ട്വീറ്റ് ചെയ്തിരുന്നു. ഏപ്രില്‍ 28-ന് നാലുമണി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.