യോഗ: ആരോഗ്യം ശരീരത്തിനും മനസിനും

357

ശബ്ദ സംരക്ഷണം യോഗയിലൂടെ

Advertisement

മനുഷ്യന്റെ ശബ്ദം തന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമാണെന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഈശ്വരദാനമായി ലഭിച്ച ശബ്ദത്തെ സംരക്ഷിക്കേണ്ടതും ചിട്ടപ്പെടുത്തേണ്ടതും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. ശബ്ദത്തെ മികവുറ്റതാക്കുന്നതിലും, ചിട്ടപ്പെടുത്തുന്നതിലും, ശാക്തീകരിക്കുന്നതിലും യോഗശാസ്ത്രത്തിന്റ പങ്ക് വളരെ വലുതാണ്.
വിവിധതരത്തിൽ, തലത്തിൽ ഇന്ന് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ശബ്ദ പ്രശനങ്ങൾക്ക്, ശബ്ദരോഗങ്ങൾക്കു കാരണങ്ങൾ പലതാണ്.
സ്വനപേടകതന്ത്രികളിലുണ്ടാകുന്ന തടിപ്പ്( vocal nodules), സ്വനപേടകതന്ത്രികളിലുണ്ടാകുന്ന അമിതമായ സമ്മർദവും, അശാസ്ത്രീയമായ ശബ്ദോല്പാദന രീതികളും, വ്യക്തിത്വത്തിലെ വൈകാരിക സമ്മർദ്ദങ്ങൾ, മാനസിക സംഘർഷങ്ങൾ,
ഉത്കണ്ഠകൾ, കഴുത്ത്‌, താടി, നാവ്, വായയുടെ താഴ്ഭാഗം എന്നീ പ്രദേശങ്ങളിലുണ്ടാകുന്ന അനാവശ്യ സമ്മർദം, വായുവിന്റെ ശക്തിശോഷണം എന്നിങ്ങനെ പോകുന്നു അവ.

യോഗയുടെ സാന്നിധ്യം

യോഗ ശാസ്ത്രത്തിലെ വിവിധ ആസനങ്ങൾ, പ്രാണായാമം അഥവാ ശ്വസനക്രിയ, ശരീരത്തിനും മനസിനും വിശ്രമം നൽകുന്ന ധ്യാനമുറകൾ ശബ്ദത്തെ ശാസ്ത്രീയമാക്കുന്നതിനും, ശാക്തീകരിക്കുന്നതിനും, ഭംഗിയും ശോഭയുമുള്ളതാക്കുന്നതിനും സഹായിക്കുന്നു. യോഗാസനത്തിലൂടെ ചിട്ടപ്പെടുത്തപ്പെട്ട ശരീരത്തിലൂടെ ശാരീരം ( ശബ്ദം) സ്വാഭാവികമായും സ്വതന്ത്രമായും സഞ്ചരിക്കുകയും , പ്രതിധ്വനിക്കുകയും ചെയ്യുന്നു. മാത്രമല്ല സബ്‌ദോപയോക്താവിനും, ശ്രോദ്ധാക്കൾക്കും ആ ശബ്ദം കൂടുതൽ ആസ്വാദ്യകരവും, മനോഹരവുമായി അനുഭവപ്പെടുന്നു.

ശബ്ദത്തെ മനോഹരമാക്കുന്ന ആസനങ്ങൾ:-

എ. സിംഹാസന

ഗുണങ്ങൾ:-

മുട്ടുമടക്കിഇരുന്ന് ഇരുകവിൾത്തടത്തിലും കൈപ്പത്തി വിടർത്തിപിടിച്ചു കണ്ണുകൾ ശക്തിയായി തുറന്നു മുഖത്തെ സിംഹമുഖത്തിനു സമാനമായി പിടിച് പത്തു സെക്കൻഡ് നേരത്തേക്ക് മുഖപേശികകളെ വരിഞ്ഞു മുറുക്കുന്നു. തുർടർന്നു സ്വാതന്ത്രമാക്കുന്നു. ഇത്തരത്തിൽ മൂന്നോ നാലോ പ്രാവശ്യം ആവർത്തിക്കാവുന്നതാണ്.

 1. കഴുത്തിനോട് ചുറ്റിപ്പറ്റിയുള്ള പേശികളെ
  ശക്തിപ്പെടുത്തുന്നു.
 2. മുഖത്തെ പേശികളെ വിശ്രമത്തിലേക്കു നയിക്കുന്നു
 3. മുഖപേശികളിലെ രക്തപ്രവാഹം സുഗമമാക്കുയും അതുവഴി ശബ്ദപ്രവാഹം സുന്ദരമാക്കുകയും ചെയ്യുന്നു.

ബി. സർവാംഗാസന:

ശരീരത്തിന്റെ എല്ലാ അംഗങ്ങളെയും ബലപ്പെടുത്തുന്ന ഈ ആസനം ശബ്ദസൗന്ദര്യം വർധിപ്പിക്കുന്നതിന് സഹായകമാകുന്നു. ശരീരത്തിന്റെ കഴുത്തിന് താഴെയുള്ള കീഴ്ഭാഗം കാലിന്റെ അഗ്രാംവരെ തലയുടെയും , കഴുതിന്റെയും, ചുമലുകളുടെയും കൈകളുടെയും സഹായത്തോടെ ഏതാനും നിമിഷങ്ങൾ ഉയർത്തിനിരുത്തുന്നു.

ഗുണങ്ങൾ:

 1. കഴുത്തിനോട് ചേർന്നുള്ള എല്ലാ ശരീരംഗങ്ങളെയും തലോടുകയും, ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
 2. സ്വനപേടകത്തിനും, സ്വനപേടകതന്ത്രികൾക്കും ഇത് വഴി അവയുടെ പ്രവർത്തങ്ങൾ സുഗമമാക്കുന്നതിന് സഹായകമാകുന്നു.

സി. മത്സ്യാസന:

സർവാംഗസനത്തിന്റെ ഏകദേശം എതിർദിശയിൽ പ്രവർത്തിക്കുന്നതാണ് മത്സ്യാസനം.

ഗുണങ്ങൾ:

പ്രാണായാമങ്ങൾ:-

 1. ഉദരത്തിന്റെയും, കഴുത്തിന്റെ മുൻഭാഗത്തുള്ള പേശികളെയും ഉദ്ദീപിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
 2. ഉദരത്തിന്റെയും, അടിവയറിന്റെയും, കഴുത്തിന്റേയും ഭാഗത്തുള്ള എല്ലാ അവയവങ്ങളെയും തഴുകുകയും, ശക്തിപ്പെടുത്തുകയും അതുവഴി ശബ്ദോല്പാദനം കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.

എല്ലാ ദിവസവും പ്രാണായാമംചെയ്യുന്ന വ്യക്തിയുടെ ശബ്ദം ഏറ്റവും മനോഹരമാകുമെന്നു ഭാരതീയസംഗീത ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ ശ്വാസഗതിയെ താളാല്മകമായി, സര്ഗാല്മകമായി, ചിട്ടയായി ക്രമീകരിക്കുന്ന പ്രക്രിയയെയാണ് പ്രാണായാമമെന്നു പറയുന്നത്.
സംഗീത സംബന്ധിയായ ശബ്ദപ്രശ്ങ്ങൾക്കും, മറ്റിതര ശബ്ദോപയോക്താക്കളുടെയും ശബ്ദപ്രശനങ്ങൾക്കും അടിസ്ഥാന കാരണം വായുവിന്റെ കുറവുതന്നെയാണ്. മറ്റൊരുവാക്കിൽ പറഞ്ഞാൽ നമ്മുടെ വായു തന്നെയാണ് നമ്മുടെ ശബ്ദമായി മാറുന്നത്. അതിനാൽ വായുവിന്റെ അഭാവം ശബ്ദോല്പത്തിയെയും, സ്വരവിന്യാസത്തെയും, സ്വരത്തിന്റെ ഉച്ചസ്ഥായിയിലേക്കുള്ള സഞ്ചാരത്തെയും, ശബ്ദത്തിന്റെ സൂക്ഷ്മചലനങ്ങളെയും സാരമായി ബാധിക്കുന്നു. അതിനാൽ അനുദിനവും ചെയ്യുന്ന പ്രാണായാമ അഭ്യസനം ശബ്ദത്തിന്റെ എല്ലാ പ്രശനങ്ങളെയും അതിജീവിക്കുവാൻ ശബ്ദോപയോക്താവിനെ, സംഗീതജ്ഞരെ സഹായിക്കുന്നു.
പലവിധത്തിലുള്ള പ്രാണായാമങ്ങളുണ്ടെങ്കിലും അനുലോമ വിലോമ പ്രാണായാമമാണ് ഇതിൽ ഏറ്റവും ഗുണം ചെയ്യുന്നത്.

എ. അനുലോമവിലോമ പ്രാണായാമം
നിലത്തിരുന്നോ, ആരോഗ്യകരമായ കസേരയിലിരുന്നോ ഇത് ചെയ്യാവുന്നതാണ്. അതിരാവിലെ വിസർജ്ജന പ്രക്രിയക്കുശേഷം വെറും വയറ്റിൽ മറ്റേതു പ്രവർത്തികൾക്കും മുൻപ് ചെയ്യുന്നത് ഏറ്റവും ഉത്തമം.
മൂക്കിന്റെ വലത്തേ ദ്വാരം തള്ള വിരൽകൊണ്ട് അടച്ചു പിടിച് ഇടത്തെ ദ്വാരത്തിലൂടെ 3 സെക്കൻഡ് ശ്വാസം വലിക്കുന്നു. തുടർന്ന് 3 സെക്കൻഡ് നേരം ഇരുദ്വാരങ്ങളും അടച്ചുപിടിക്കുന്നു. തുടർന്ന് ആദ്യം അടച്ച ദ്വാരം തുറന്നു 6 സെക്കൻഡ് സമയം കൊണ്ട് ശ്വാസം സാവധാനം തുറന്നു വിടുന്നു. അതെ ദ്‌വാരത്തിലൂടെ വീണ്ടും 3 സെക്കൻഡ് ശ്വാസം വലിക്കുന്നു. ഇരുദ്വാരങ്ങളും അടക്കുന്നു. എതിർദ്‌വാരത്തുലുടെ ശ്വാസം പുറത്തേക്കു വിടുന്നു. ഇങ്ങനെ 15 മിനിറ്റു നേരം ദിവസവും ശ്വസന ക്രിയ അഥവാ പ്രാണായാമം ചെയ്യുക.
ഗുണങ്ങൾ:

 1. ശ്വസന ക്രിയയിലൂടെ കൂടുതൽ ഓക്സിജൻ സ്വനപേടക പേശികളിലേക്കു ഒഴുകിയെത്തുകയും അത് സ്വനപേടകതന്ത്രികളുടെ ശരിയായ ചലനത്തിന് ശക്തി പകരുകയും ചെയ്യുന്നു.
 2. അനുലോമ വിലോമ പ്രാണായാമം അഥവാ നാഡിശോധന പ്രാണായാമം. പ്രാണായാമത്തിലൂടെ കൂടതലായി ലഭിക്കുന്ന ഓക്സിജൻ പ്രവാഹത്തിലൂടെ നാഡികളിലെ തിന്മയുടെ ഊർജത്തെ പുറത്തേക്കു തള്ളുകയും അതുവഴി നാഡികളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
 3. മനസിനെയും ശരീരത്തെയും സ്വച്ഛമാക്കുന്നു.
 4. ശബ്ദസാധ്യതകളെയും, ശബ്ദവിന്യാസനകളെയും, ശബ്ദക്ഷമതയും വർധിപ്പിക്കുന്നു.

ബി. ഭസ്ത്രിക പ്രാണായാമം
സി. ഉജ്ജയി പ്രാണായാമം
ഡി. ബ്രഹ്മരി പ്രാണായാമം

ധ്യാനം:-

അനുദിന യോഗാഭ്യാസത്തിലെ മൂന്നാം ഘട്ടമാണ് ധ്യാനം. മനസിനെയും ശരീരത്തെയും ധ്യാനത്തിലൂടെ വിശ്രമത്തിലേക്കു നയിക്കുന്നതുമൂലം ശബ്ദോല്പത്തി തുലോം എളുപ്പമാക്കുന്നു. ദിവസവും 15 മിനിറ്റ് ധ്യാനിക്കുവാൻ കഴിഞ്ഞാൽ ജീവിതത്തിന്റെ ആയുസ്സു വർദ്ധിപ്പിക്കുവാനും, ജീവിതം ശാന്തപൂര്ണമാക്കുവാനും കഴിയുന്നു.
ഉദരശുദ്ധിയും
ചിത്തശുദ്ധിയും
കണ്ഠശുദ്ധിയും ഒരുപോലെ പാലിക്കുന്ന വ്യക്തിയുടെ ശബ്ദം എന്നും മധുരവും മനോഹരവുമായിരിക്കും എന്നതാണ് ഭാരതീയ പാരമ്പര്യം. അന്താരാഷ്ട്ര യോഗദിനത്തിൽ എല്ലാവര്ക്കും യോഗാഭ്യാസനത്തിലൂടെ മനോഹരമായ ശബ്ദമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

ലേഖകൻ:
ഫാ. ഡോ. പോൾ പൂവത്തിങ്കൽ CMI
പാടും പാതിരി എന്ന പേരിൽ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞനും , ഭാരതത്തിലെ പ്രഥമ വോക്കോളജിസ്റ്റും, തൃശൂരിലെ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയുടെ ഡയറക്ടറുമാണ്.

Advertisement