ആദ്യത്തെ ഡ്രൈവർ ഇല്ലാ തീവണ്ടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

66

രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ തീവണ്ടി ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ജനക്പുരി മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള 37 കിലോമീറ്റർ പാതയിലാണ് ഡ്രൈവറില്ലാ തീവണ്ടിസർവീസ് തുടങ്ങുന്നത്. ഇതോടെ ലോകത്തെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഏഴുശതമാനം ഡി.എം.ആർ.സി.യുടേതാകും.

ഡി.എം.ആർ.സി.യുടെ മൂന്ന് കമാൻഡ് സെന്ററുകളിൽനിന്നാണ് ഡ്രൈവറില്ലാ തീവണ്ടികളുടെ പൂർണ നിയന്ത്രണം. ആറുമാസത്തിനകം ഡൽഹി മെട്രോയുടെ മജ്‌ലിസ്പാർക്ക് മുതൽ ശിവ് വിഹാർ വരെ 57 കിലോമീറ്റർ വരുന്ന പിങ്ക് പാതയിലെ തീവണ്ടികളും ഡ്രൈവറില്ലാതെ ഓടിത്തുടങ്ങും. ഇതോടെ ഡൽഹി മെട്രോയുടെ 94 കിലോമീറ്റർ ‘ഡ്രൈവർലെസ്സ്’ ശൃംഖലയാകും. അപ്പോൾ ലോകത്തെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഒമ്പതുശതമാനം ഡൽഹി മെട്രോയുടേതാകും. ഡൽഹി മെട്രോയ്ക്ക് ആകെ 390 കിലോമീറ്റർ പാതയാണുള്ളത്.

ഡ്രൈവറില്ലാ തീവണ്ടികൾക്കുപുറമേ ഡൽഹി മെട്രോയുടെ വിമാനത്താവള അതിവേഗപാതയിലെ നാഷണൽ കോമൺ മൊബിലിറ്റി കാർഡിന്റെ (എൻ.സി.എം.സി.) ഉദ്ഘാടനവും തിങ്കളാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനംചെയ്യും. റൂപേ ഡെബിറ്റ് കാർഡ് കൈവശമുള്ള ആർക്കും വിമാനത്താവള അതിവേഗപാതയിൽ യാത്രചെയ്യാൻ അതുപയോഗിക്കാം. 2022-ഓടെ ഡൽഹി മെട്രോയുടെ മുഴുവൻ ശൃംഖലയിലും ഈ സൗകര്യം നടപ്പാക്കും.