അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം; ട്രെയിനുകൾ റദ്ദാക്കി

46

സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. ഉത്തരേന്ത്യയിൽ ട്രെയിനുകൾക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. പലയിടത്തും ട്രെയിനുകൾ അഗ്നിക്ക് ഇരയാക്കി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് 34 ൽ അധികം ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അഞ്ച് മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളും 29 പാസഞ്ചർ ട്രയിനുകളുമാണ് റദ്ദാക്കിയത്. 72 ട്രെയിൻ സർവീസുകൾ വൈകി ഓടുകയാണ്. 

Advertisement

അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെ ബീഹാറിൽ തുടങ്ങിയ പ്രതിഷേധമാണ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്നത്. ബീഹാറിലും,ഹരിയാനയിലും,ഉത്തർപ്രദേശിലും,രാജസ്ഥാനിലും പ്രതിഷേധം അക്രമാസക്തമായി. ബിഹാറിലെ നൊവാഡയിൽ ബിജെപി എംഎൽഎയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. എംഎൽഎ ഉൾപ്പടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. നൊവാഡയിലെ ബിജെപി ഓഫീസ് തകർത്തു. ആരയിൽ റെയിൽവേസ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ബിഹാറിൽ മൂന്ന് ട്രെയിനുകളാണ് കത്തിച്ചത്. ഒരു ട്രെയിനിൻറെ ജനലുകൾ തകർത്തു. ഹരിയാനയിലെ പൽവാളിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇൻറർനെറ്റ് റദ്ദാക്കി.  ഉത്തർപ്രദേശിൽ പല നഗരങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. രാജസ്ഥാനിലും ദില്ലിയിലും റെയിൽ പാത ഉപരോധിച്ചു.  പെൻഷൻ ഉൾപ്പടെയുള്ള ആനൂകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. 

Advertisement