സുരക്ഷാ പരിശോധനയ്ക്കിടെ വിമാനത്താവളങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. സുരക്ഷ പരിശോധനയ്ക്കുള്ള കരട് മാർഗരേഖ കേന്ദ്ര മന്ത്രാലയം പുറത്തിറക്കി.
യാത്രക്കാരുടെ അഭിമാനവും സ്വകാര്യതയും സംരക്ഷിച്ചു കൊണ്ടു മാത്രമേ പരിശോധന നടത്താവൂ എന്നാണ് പ്രധാന നിർദേശം. കരട് നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.
പരമാവധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പരിശോധന വേണം. വിശദ പരിശോധനയ്ക്ക് സഹായത്തിന് കൂടെ ഒരു ഉദ്യോഗസ്ഥൻ വേണം. യാത്രക്കാരനൊപ്പം വിമാനകമ്പനി പ്രതിനിധിയും ഒപ്പമുണ്ടാകണം. യാത്രക്കാരുടെ കൃത്രിമ അവയവ ഭാഗങ്ങളെ വിശദപരിശോധനയ്ക്ക് വിധേയമാക്കിയാൽ കാരണം രേഖപ്പെടുത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു.
നിർദേശങ്ങൾ
* ആരോഗ്യപരമായ കാരണങ്ങളാൽ ഷൂസ് അഴിക്കാൻ സാധിക്കാത്തവർക്ക് സുരക്ഷാ ഉദ്യോഗസ്ഥരോട് അക്കാര്യം വ്യക്തമാക്കാം. ഷൂസ് അഴിക്കാതെ തന്നെ പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കും
* ഇൻസുലിൻ പമ്പ്, ഹിയറിംഗ് എയ്ഡ്, കോക്ലിയർ ഇംപ്ലാന്റ്, സ്പൈനൽ സ്റ്റിമുലേറ്റർ, ബോണ് ഗ്രോത്ത് സ്റ്റിമുലേറ്റേഴ്സ്, ഒസ്ടോണമീസ് എന്നീ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവർ ഇത് അഴിക്കാതെ തന്നെ പരിശോധന നടത്താം
* സഹായത്തിനായി ഒപ്പം കൊണ്ടു നടക്കുന്ന വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യുന്നവരുടെ അനുമതിയില്ലാതെ മൃഗങ്ങളെ പരിശോധിക്കുകയോ സ്പർശിക്കുകയോ പോലും ചെയ്യരുത്
* വീൽചെയറിലോ മറ്റു സംവിധാനങ്ങളിലോ വരുന്ന ആളുകളുടെ സുരക്ഷാ പരിശോധനയുടെ ഉത്തരവാദിത്തം ഒപ്പം യാത്ര ചെയ്യുന്ന ആൾക്കോ അനുഗമിക്കുന്ന വിമാനക്കമ്പനി പ്രതിനിധിക്കോ ആയിരിക്കും
* വീൽചെയർ യാത്രക്കാർ വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിമാനക്കമ്പനി പ്രതിനിധി അനുഗമിക്കണം
* എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാത്ത വീൽചെയർ യാത്രക്കാരെ പരിശോധിക്കുമ്പൾ അവർക്ക് അരുകിൽ തന്നെ സൗകര്യപ്രദമായ ഇരിപ്പിടം നൽകണം
വിമാനത്താവളത്തിൽ തന്റെ കൃത്രിമക്കാൽ ഊരി മാറ്റി പരിശോധന നടത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന എന്ന പ്രശസ്ത നർത്തകി സുധ ചന്ദ്രന്റെ പരാതിയിൽ സിഐഎസ്എഫ് മാപ്പു പറഞ്ഞിരുന്നു. അതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരുടെയും കൃത്രിമ അവയങ്ങൾ ഉള്ളവരുടെയും സുരക്ഷാ പരിശോധനയ്ക്ക് മാർഗനിർദേശങ്ങൾ ഇറക്കിയിരിക്കുന്നത്.