
കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചടങ്ങുകള്‍ നിര്‍വഹിച്ചത്. ട്രെയിനില്‍ സി വണ്‍ കോച്ചിലെത്തിയ പ്രധാനമന്ത്രി കുട്ടികളുമായി 10 മിനിട്ടോളം സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവരും വിമാനത്താവളത്തിലെത്തി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തിരുവനന്തപുരത്തുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെ വഴിയോരത്ത് കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്.വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രയിലുള്ളത് ക്ഷണിക്കപ്പെട്ട യാത്രക്കാര്‍. ഉദ്ഘാടന സ്പെഷല്‍ സര്‍വീസില്‍ വിദ്യാര്‍ഥികള്‍, വിവിധരംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ടവരാണ് യാത്ര ചെയ്യുന്നത്.