അവിണിശേരി ഖാദി പിടിക്കാൻ കോൺഗ്രസിന്റെ ഗ്രൂപ്പ് തിരിഞ്ഞ് മത്സരം: 50 കള്ള വോട്ട്; യൂത്ത് കോൺഗ്രസ് നേതാവ് വരണാധികാരി

145

അവിണിശ്ശേരിയിലെ കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷനിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ  ചേരിതിരിഞ്ഞ്‌  കോൺഗ്രസ്‌ മത്സരം. പെട്ടി പൊളിച്ചപ്പോൾ മൊത്തം രേഖപ്പെടുത്തിയ  വോട്ടിനേക്കാൾ 50  ബാലറ്റ്‌ കൂടുതൽ. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാണ്‌ ഇതെന്ന്‌ ആരോപിച്ച്‌ ഒരു വിഭാഗം പ്രതിഷേധിച്ചു.  നിലവിലെ പ്രസിഡന്റും  സി.എൻ ബാലകൃഷ്‌ണന്റെ മകളുമായ  സി.ബി ഗീതയും നിലവിലെ സെക്രട്ടറി വി കേശവനും തമ്മിലാണ്‌ ചേരിതിരിഞ്ഞ്‌ മത്സരിച്ചത്‌. വോട്ടിനുശേഷം പെട്ടിയിൽ  കൂടുതൽ ബാലറ്റ്‌  കണ്ടതോടെ സംഘർഷമായി  പാരതിയെ തുടർന്ന്‌ നെടുപുഴ പൊലീസ്‌ സ്ഥലത്തെത്തി. തുടർന്ന്‌  ഇരുപാനലുകാരുടെയും സാന്നിദ്ധ്യത്തിൽ  പെട്ടി സീൽ ചെയ്‌ത്‌ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചു.
ഖാദി ജീവനക്കാരും വിരമിച്ചവരുമായി 194 വോട്ടർ പട്ടികയിലുള്ളത്‌.  17 പേർ വീതമുള്ള പാനലാണ്‌ മത്സരിച്ചത്‌. തെരഞ്ഞെടുപ്പിൽ 186 പേരാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. എന്നാൽ വോട്ടെണ്ണുന്നതിനായി പെട്ടി പൊളിച്ചപ്പോഴാണ്‌ 50  ബാലറ്റ്‌ പെട്ടിക്കുള്ളിൽ തിരുകിയ നിലയിൽ കണ്ടത്‌. കുന്നംകുളത്തെ യൂത്ത്‌ കോൺഗ്രസ്‌ നേതാവായ അഭിഭാഷകനായിരുന്നു റിട്ടേണിങ് ഓഫീസർ. സി.ബി ഗീതയുടെ നേതൃത്വത്തിലുള്ള പാനലിനെ വിജയിപ്പിക്കുന്നതിനായി  മുൻ ഡിസിസി പ്രസിഡന്റുൾപ്പടെ  റിട്ടേണിങ് ഓഫീസറെ സ്വാധീനിച്ചുവെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്‌. വോട്ടെണ്ണലിന് മുമ്പായി അധികമായി അന്‍പത് ബാലറ്റുപേപ്പറുകള്‍ വെച്ചിരുന്നത് ചോദ്യം ചെയ്തപ്പോള്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് ചെയ്തതെന്ന് റിട്ടേണിങ് ഓഫീസര്‍ മറുപടി നല്‍കിയെന്നും പ്രതിഷേധക്കാര്‍  ആരോപിക്കുന്നു.  തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താനുള്ള ശ്രമത്തിനെതിരെ  നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും  വി.കേശവൻ വിഭാഗം വ്യക്തമാക്കി. എന്നാൽ തങ്ങൾക്കിതിൽ പങ്കില്ലെന്നാണ്‌ സി ബി ഗീത വിഭാഗം പറയുന്നത്‌.

Advertisement
Advertisement