‘ആരിഫ് മുഹമ്മദ്ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണ്’: ഗവർണർക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി; സംഘപരിവാർ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണോ ഗവർണർക്ക് വിവരങ്ങൾ കിട്ടുന്നത്, ആർ.എസ്.എസ് അജണ്ടക്ക് നിന്ന് കൊടുക്കലല്ല, ഇത് കേരളമാണെന്ന് പിണറായിയുടെ മുന്നറിയിപ്പ്

13

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി താന്‍ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നത് വാസ്തവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈസ് ചാന്‍സലറായുള്ള പുനര്‍നിയമനം സര്‍വകലാശാല ഭരണഘടന തന്നെ അനുശാസിക്കുന്ന കാര്യമാണ്. ഇത് ഗവര്‍ണറുമായി സംസാരിച്ചിരുന്നു. എന്നാല്‍ പരസ്പരം നടന്ന സംസാരം തെറ്റായ രീതിയിലാണ് ഗവര്‍ണര്‍ അവതരിപ്പിച്ചത്. അത് വാസ്തവമല്ലെന്ന് മാത്രമേ പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയില്‍ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അത് പറയാത്തത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും പിണറായി പറഞ്ഞു.വിസിയുടെ നിയമനം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. വിസി തന്‍റെ നാട്ടുകാരനാണെന്നും നിയമനം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇതിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Advertisement

രണ്ട് പദവികളില്‍ ഇരിക്കുന്നവര്‍ പല കാര്യങ്ങളും സംസാരിക്കും. മറ്റ് കാര്യങ്ങള്‍ പറയുന്നത് മാന്യതയ്ക്ക് ചേര്‍ന്ന കാര്യമല്ലെന്ന് മാത്രമേ പറയാനുള്ളൂ. ഗവര്‍ണറെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ തയ്യാറല്ല. ആര്‍.എസ്.എസ്. എല്ലാത്തിനേയും സംരക്ഷിക്കാന്‍ പോന്നതാണെന്ന ചിന്ത ചിലര്‍ക്കുണ്ട്.

അതിന്റെ ഭാഗമായുള്ള ഒരു മതിമറക്കല്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അത് നല്ലതല്ല. സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നം ഗവര്‍ണര്‍ ഭരണഘടനാപദവിയിലിരുന്നുകൊണ്ട് ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നുവെന്നതാണ്. സര്‍വകലാശാലകളെ ആര്‍.എസ്.എസിന്റെ പരീക്ഷണശാലയാക്കാന്‍ ശ്രമം നടക്കുകയാണ്. സര്‍വകലാശാലകളില്‍ പിന്‍സീറ്റ് ഡ്രൈവിങ്ങിനാണ് ശ്രമം. ഇതിനെ നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. എന്നാല്‍, ഈ വാദത്തിന് രേഖയില്ല. നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചു എന്ന വാദമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത തേടി മാധ്യമസ്ഥാപനമായ ഇന്ത്യാ ടുഡേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതാണ്. എന്നാല്‍, നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചതിനോ ആര്‍എസ്എസ് പങ്കെടുത്തതിനോ രേഖകളില്ലെന്നാണ് ബിജെപി ഭരിക്കുന്ന ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത്. സംഘ പരിവാർ വാട്സ് അപ് ഗ്രൂപ്പിൽ നിന്നാണോ ഗവര്‍ണര്‍ വിവരം സ്വീകരിക്കുന്നത്. ആര്‍എസ്എസ് പരിശീലന പരിപാടിയിൽ പങ്കെടുത്തിൽ ഗവര്‍ണര്‍ ഊറ്റം കൊള്ളുകയാണ്. 1986 മുതൽ ആര്‍എസ്എസ് ബന്ധം ഉണ്ടെന്നു പറയുന്നു. ആര്‍എസ്എസിനോട് കേരളത്തിലെ പൊതു സമൂഹത്തിനും എല്‍ഡിഎഫിനും കൃത്യമായ നിലപാട് ഉണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി പറയുന്ന ഗവര്‍ണര്‍ എക്കാലത്തും കൊലകളിൽ ആര്‍എസ്എസ് ഉണ്ടെന്നത് ഓർക്കണം.

ഗവര്‍ണര്‍ സ്ഥാനത്തിരുന്നുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസ് മേധാവിയെ സ്വകാര്യമായി സന്ദര്‍ശിച്ചത്
കീഴ്‌വഴക്കങ്ങള്‍ക്ക് ചേര്‍ന്ന കാര്യമല്ല.
ഗവര്‍ണര്‍ രാജ്ഭവനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കി മാറ്റുകയാണ്. രാജ്ഭവനിലെ വാര്‍ത്താസമ്മേളനം അസാധാരണ സംഭവമാണ്. സംസ്ഥാന സര്‍ക്കാരിനോടുള്ള അഭിപ്രായ വ്യത്യാസം അറിയിക്കാന്‍ നിയതമായ രീതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ രാഷ്ട്രീയ സംഘടനകളില്‍നിന്ന് അകലം പാലിക്കണം. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് താന്‍ ആര്‍.എസ്.എസുകാരനാണെന്ന് അദ്ദേഹം ഊറ്റംകൊള്ളുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാധാരണ നിന്ന് പറയുന്നത് ഗവര്‍ണര്‍ ഇരുന്ന് പറയുകയാണുണ്ടായത്. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യനിലപാടെടുക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയേണ്ടി വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഭരണഘടനയാണ് പ്രധാനം. ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാത്തലവന്‍. പക്ഷെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശമനുസരിച്ചായിരിക്കണം. ഇത് സംബന്ധിച്ച് നിരവധി സുപ്രീംകോടതി വിധികളുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രശംസയും സ്‌നേഹവും നല്‍കുന്നത് ആര്‍.എസ്.എസിനാണ്. ഭരണഘടനാ സ്ഥാനത്തിരുന്ന് ഇങ്ങനെ പറയാന്‍ പറ്റുമോ. ഗവര്‍ണര്‍ക്ക് വിവരങ്ങള്‍ കിട്ടുന്നത് ആര്‍.എസ്.എസ്. വാട്‌സ് ആപ്പ് ഗ്രപ്പില്‍ നിന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
2019-ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലുണ്ടായ സംഭവമാണ് ഇപ്പോഴും ഗവര്‍ണര്‍ വൈകാരികമായി പറയുന്നത്. സി.എ.എ. വിഷയത്തെ അനുകൂലിച്ച് ഗവര്‍ണര്‍ സംസാരിച്ചപ്പോഴാണ് അക്കാദമിക സമൂഹത്തില്‍നിന്ന് പ്രതികരണമുണ്ടായത്. ലോകം ആദരിക്കുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ചു, കണ്ണൂര്‍ വി.സിയ ആവര്‍ത്തിച്ച് ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചു. ആര്‍.എസ്.എസിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നവരാണ് രണ്ടുപേരും. ഇതാണ് ഇവര്‍ക്കെതിരേയുള്ള ആവര്‍ത്തിച്ചുള്ള പ്രതിഷേധത്തിന് ഗവര്‍ണറെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement