‘ആളില്ലാത്ത പോസ്റ്റിൽ ഗോൾ അടിക്കുകയല്ല, നേരിട്ട് ഏറ്റു മുട്ടുകയാണ്’: ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിൽ ബഹുജന റാലിയും പൊതു സമ്മേളനവുമായി സി.പി.എം, പങ്കെടുക്കുന്നത് പിണറായിയും ബേബിയും

71

ബി.ജെ.പിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ ബി.ജെ.പിക്കെതിരെയെന്ന പേരിലുള്ള ദേശീയ യാത്രയുമായി 18നാൾ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് യാത്ര നടത്തുമ്പോൾ ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ സി.പി.എം. ഈ മാസം 18നാണ് റാലിയും പൊതുയോഗവും. കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. പിണറായി വിജയന്‍റെ ചിത്രം അടങ്ങിയ പോസ്റ്റര്‍ കര്‍ണാടക സി.പി.എം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പിണറായിക്കൊപ്പം കേരളത്തില്‍ നിന്നുള്ള എം.എ ബേബിയും പൊതുയോഗത്തില്‍ സംസാരിക്കും. ബി.ജെ.പിയോടും ആർഎസ്എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്രയിൽ 18 ദിവസം രാഹുൽ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്നായിരുന്നു സി.പി.എമ്മിന്‍റെ വിമര്‍ശനം. ബി.ജെ.പി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സി.പി.എം കുറ്റപ്പെടുത്തി. സി.പി.എം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർ.എസ്.എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’യെന്നും സി.പി.എം പരിഹസിച്ചു. ഈ സാഹചര്യത്തില്‍ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ സി.പി.എം  സംഘടിപ്പിക്കുന്ന റാലിയിലും പൊതു യോഗത്തിലും പിണറായി വിജയന്‍ പങ്കെടുക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഈ റാലി നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ ആണ് എന്ന് കുറിച്ചാണ് മന്ത്രി വി ശിവന്‍കുട്ടി പിണറായി വിജയന്‍റെ ചിത്രമടങ്ങുന്ന പരിപാടിയുടെ പോസ്റ്റര്‍ പങ്കുവെച്ചത്. സേഫ് സോണിലല്ല പ്രകടനം എന്നാണ് തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫിന്റെ പോസ്റ്റ്. ഇടത് സൈബർ കേന്ദ്രങ്ങളിൽ പോസ്റ്റർ വൻ ചർച്ചയാവുകയാണ്.

Advertisement
Advertisement