ഇതെന്താ സാലഡ് ഉണ്ടാക്കുകയാണോ?: പാർലമെന്റിൽ ചർച്ച കൂടാതെ ബില്ലുകൾ പാസാക്കുന്നതിനെതിരെ അതിരൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയൻ

5

പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ കൂടാതെ അതിവേഗം ബില്ലുകള്‍ പാസാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍. പാര്‍ലമെന്റിന്റെ പവിത്രത കളങ്കപ്പെടുത്തുന്നുവെന്ന് പറഞ്ഞ ഡെറിക് ഒബ്രിയന്‍ സാലഡ് ഉണ്ടാക്കുന്നത് പോലെയാണോ നിയമം പാസാക്കുന്നതെന്ന് ചോദിച്ചു.
പത്തോളം ബില്ലുകള്‍ ശരാശരി ഏഴ് മിനിറ്റുകള്‍ മാത്രമെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു തൃണമൂല്‍ എംപിയുടെ വിമര്‍ശനം.
‘ആദ്യ പത്ത് ദിവസങ്ങളില്‍ മോദി-ഷാ 12 ബില്ലുകള്‍ അതിവേഗത്തില്‍ പാസാക്കി. ഓരോ ബില്ലും ശരാശരി ഏഴ് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി. ഇത് ബില്ല് പാസാക്കുന്നതാണോ അതോ പാപ്‌റി ചാറ്റ് (ഒരു തരം സാലഡ്) തയ്യാറാക്കുന്നതാണോ?’ ഡെറിക് ഒബ്രിയന്‍ ട്വിറ്ററിലൂടെ ചോദിച്ചു.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലുകളുടെ പട്ടികയും അദ്ദേഹം ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച് ഓരോ ബില്ലുകളും അവതരിപ്പിച്ച് മിനിറ്റുകള്‍ക്കകം പാസാക്കിയെടുത്തിട്ടുണ്ട്. ഇതില്‍ ഏറ്റവും വേഗത്തില്‍ പാസാക്കിയെടുത്തത് നാളികേര വികസന ബോര്‍ഡ് ബില്ലാണ്. ഒരു മിനിറ്റിനുള്ളിലാണ് ഇതിന്റെ നടപടിക്രമങ്ങള്‍ അവസാനിച്ചത്.