ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിവിസ്താരത്തിന് ഹാജരാവുന്നില്ല; ടി.സിദ്ദിഖിന് വാറന്റ് പുറപ്പെടുവിച്ച് കോടതി

11

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി കണ്ണൂരിൽ ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിവിസ്താരത്തിന് കോടതിയിൽ ഹാജരാകാതിരുന്ന ടി.സിദ്ദിഖ് എം.എൽ.എ.ക്കെതിരെ വീണ്ടും വാറന്റ്‌. ഹാജരാകാത്തതിനെത്തുടർന്ന് സിദ്ദിഖിനെതിരെ തിങ്കളാഴ്ച കണ്ണൂർ അസി. സെഷൻസ് കോടതി വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചയും സിദ്ദിഖ് ഹാജരാകാതിനെത്തുടർന്നാണ് അറസ്റ്റ് വാറന്റ്‌ ആവർത്തിച്ചത്.

Advertisement

വിചാരണയ്ക്ക് ഹാജരാകാതിരുന്ന രണ്ട് സാക്ഷികൾക്കെതിരെയും കോടതി വാറന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ട്. 41-ാം സാക്ഷി എം.ദിജിത്ത്, 42-ാം സാക്ഷി വസീം എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വാറന്റ്‌. തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന പ്രതി സതീശൻ കോമത്തിനെ ചൊവ്വാഴ്ച റിമാൻഡ് ചെയ്തു.

17-ന് കോടതിയിൽ ഹാജരാകുമെന്ന് സിദ്ദിഖ് അഭിഭാഷകൻ മുഖേന അറിയിച്ചിരുന്നു. ഇതിനു മുൻപ് വിസ്താരത്തിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി വാറന്റ്‌ പുറപ്പെടുവിച്ചിരുന്നത്.

2013 ഒക്ടോബർ 27-ന് കേരള പോലീസ് അത്‌ലറ്റിക് മീറ്റ് സമാപന ചടങ്ങിന് കണ്ണൂരിൽ എത്തിയപ്പോഴാണ് ഉമ്മൻചാണ്ടിക്കുനേരേ കല്ലേറുണ്ടായത്. കേസിൽ വിസ്താരം ഈ മാസം 28-ന് തുടരും.

Advertisement