‘എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്സ് ആക്കി’:സുധാകരന്റെ ആർ.എസ്.എസ് പ്രസ്താവനയിൽ ഇനി ചർച്ചയില്ലെന്ന് ലീഗ്; ഇനി ഉണ്ടാവില്ലെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയെന്ന് പി.എം.എ സലാം

4

കെ. സുധാകരൻ്റെ ആർഎസ്എസ് പ്രസ്താവനകളെ തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങൾ അവസാനിച്ചതായി മുസ്ലിം ലീഗ്. പ്രസ്താവനകളെ കുറിച്ച് കെ സി വേണുഗോപാൽ, വി.ഡി സതീശൻ എന്നിവരോട് സംസാരിച്ചു. കെ. സുധാകരൻ നേരിട്ട് വിളിച്ച് കാര്യങ്ങളെല്ലാം സംസാരിക്കുകയും ചെയ്തു. കോൺഗ്രസ് നേതൃത്വത്തെ വിശ്വാസത്തിൽ എടുക്കുകയാണ്. അതുകൊണ്ട് തന്നെ ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് ലീഗ് വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കുന്നതായി യോഗ ശേഷം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം എ സലാം വിശദീകരിച്ചു. ‘ഇക്കാര്യത്തിൽ കോൺഗ്രസ് നൽകിയ ഉറപ്പ് വിശ്വസിക്കുകയാണ്. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ ലീഗ് നേതാക്കളുമായി സംസാരിച്ചു. ലീഗിൻ്റെ വികാരം ഞങ്ങൾ പങ്ക് വെച്ചു, കോൺഗ്രസ് അത് അംഗീകരിച്ചു. ഞങ്ങളുടെ കാര്യങ്ങൾ അവർക്ക് മനസ്സിലായിട്ടുണ്ട്. കോൺഗ്രസ് നൽകിയ മറുപടി സ്വീകാര്യം ആണ്’. യു.ഡി.എഫിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന് യു.ഡി.എഫ് യോഗം ചേരുമ്പോൾ സ്വാഭാവികമായും എല്ലാ സംഭവ വികാസങ്ങളും ചർച്ച ചെയ്യുമെന്നും അക്കൂട്ടത്തിൽ ഇതും ഉണ്ടാകുമെന്നുമായിരുന്നു മറുപടി. കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് മുസ്ലിം ലീഗ് ആരോടും പറഞ്ഞിട്ടില്ല. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടതില്ല എന്നതാണ് നിലപാടെന്നും പി.എം.എ സലാം പറഞ്ഞു. അതേസമയം ഗവർണർക്ക് എതിരായ ഓർഡിനൻസിൽ കോൺഗ്രസ് പങ്ക് വെക്കുന്നത് അവരുടെ മാത്രം അഭിപ്രായം ആണെന്നും സലാം വ്യക്തമാക്കി.  യു.ഡി.എഫിൻ്റെ അഭിപ്രായം യുഡിഎഫ് യോഗം ചേർന്നതിന് ശേഷം നിശ്ചയിക്കും. ഓർഡിനൻസ് വിഷയത്തിൽ ലീഗ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസ്സിനും ലീഗിനും രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം ആണ്. അതുകൊണ്ടാണ് രണ്ടും രണ്ട് പാർട്ടികൾ ആയി നിൽക്കുന്നത്. എന്നാൽ യു.ഡി.എഫ് യോഗം ചേർന്ന് ഐക്യകണ്ഠേന ഇക്കാര്യത്തിൽ തീരുമാനം എടുക്കും. അതുവരെ കൂടുതൽ ഒന്നും പറയാൻ ഇല്ല.

Advertisement
Advertisement