എ.കെ.ജി. സെന്റര്‍ ആക്രമണം: ജുഡീഷ്യല്‍ നിയന്ത്രണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം ഗൗരവകരവും ആശങ്കാജനകവുമെന്ന് ജോൺ ഡാനിയേൽ ഹർജിയിൽ

17

സി.പി.എം. സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി. സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ കേരള പോലീസിന് കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേരളത്തിനു പുറത്തു നിന്നുള്ള ഏജന്‍സികളെ ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിക്ക് പൊതുതാല്‍പര്യ നിവേദനം നല്‍കി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി. സെക്രട്ടറിയുമായ ജോണ്‍ ഡാനിയലാണു ഹൈക്കോടതിക്കു പരാതി നല്‍കിയത്.
കേരളാ പോലീസ് ആസ്ഥാനത്തു നിന്ന് അധികം ദൂരെയല്ലാതെ, സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന കക്ഷിയുടെ ആസ്ഥാന മന്ദിരത്തിനു നേരെ ആക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല എന്നത് അത്യന്തം ഗുരുതരവും ആശങ്കാജനകവുമായ വസ്തുതയാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ഐ.പി.എസ്. ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം അന്വേഷിച്ചിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല എന്നത് സാധാരണക്കാരായ ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്രയധികം സ്വാധീനശേഷിയുള്ളൊരു പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തിലെ അന്വേഷണത്തിന് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരുടെ ജീവനും സ്വത്തിനും നേരെ ഉണ്ടായേക്കാവുന്ന ആക്രമണങ്ങളില്‍ എന്ത് നീതിയാണ് പ്രതീക്ഷിക്കാനാവുക. കേരളത്തിനു പുറത്തു നിന്നുള്ള ഏജന്‍സി അന്വേഷിച്ചാലേ സത്യം പുറത്തു കൊണ്ടു വരാനാകൂ. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ദുരുപയോഗപ്പെടുത്തുന്നു എന്ന ആരോപണവും, സി.പി.എം ഉള്‍പ്പെട്ട സംഭവങ്ങളുടെ അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന സംശയവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും കേരളത്തിനു പുറത്തു നിന്നുള്ള ഏതെങ്കിലും ഏജന്‍സിയെ അന്വേഷണത്തിനു നിയോഗിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ ആസൂത്രണം ചെയ്ത നാടകമാണ് എ.കെ.ജി. സെന്റര്‍ ആക്രമണമെന്നു നേരത്തേ തന്നെ സംശയം ഉന്നയിക്കപ്പെട്ടിരുന്നു. അക്രമം നടന്ന് തൊട്ടുപിന്നാലെ, സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നു മുതിര്‍ന്ന സി.പി.എം. നേതാക്കള്‍ ആരോപണമുന്നയിക്കുകയും, കോണ്‍ഗ്രസ് ഓഫിസുകള്‍ സംസ്ഥാന വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തതായും ജോണ്‍ ഡാനിയല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Advertisement
Advertisement