എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസില്‍ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ; പിടിയിലായത് തന്ത്രപരമായ നീക്കത്തിലൂടെ

42

എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രതി അറസ്റ്റിലായി. പ്രതിയിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത് തന്ത്രപരമായ നീക്കത്തിലൂടെ. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ വി എന്ന പ്രവര്‍ത്തകനെയാണ് കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ഇയാളെ കേസ് ഏറ്റെടുത്ത് ഒരുമാസത്തിന് ശേഷമാണ് തെളിവുകള്‍ സഹിതം കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നതെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജിതിന്‍ പിടിയിലാകുന്നത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. സൈബര്‍ തെളിവുകളും, സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ നിരവധി തെളിവുകളാണ് ഇതിനായി ക്രൈംബ്രാഞ്ച് ശേഖരിച്ചത്.
സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന സമയത്ത് ധരിച്ചിരുന്ന ടി ഷര്‍ട്ട് കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് ടി ഷര്‍ട്ടിന്റെ പ്രത്യേകത കണ്ടെത്തിയത്. ഇത് വെച്ച് അന്വേഷണം നടത്തിയ സമയത്ത് അത് വാങ്ങിയതില്‍ ഒരാള്‍ ജിതിന്‍ ആണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു.
ഇതേ ടി ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രം ജിതിന്റേതായി സമൂഹമാധ്യമങ്ങളില്‍ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചു. തുടര്‍ന്ന് ഡിയോ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ സ്‌കൂട്ടര്‍ ഗൗരീശ പട്ടണത്തെ സിസിടിവിയില്‍ പതിഞ്ഞതായി തിരിച്ചറിഞ്ഞു. സ്‌കൂട്ടറില്‍ വന്നിറങ്ങി ഇവിടെ നിന്ന് കാറില്‍ കയറിയാണ് പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഈ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയതും ജിതിനിലേക്കാണ്. ഇതോടെ പ്രതി ആരെന്നുറപ്പിച്ച അന്വേഷണ സംഘം അപ്രതീക്ഷിത നീക്കത്തിലൂടെ ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജിതിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിതിന്റെ വീട്ടിലും ജിതിന്‍ തങ്ങിയെന്ന് കണ്ടെത്തിയ ലോഡ്ജിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു.

Advertisement
Advertisement