കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം: രാഷ്ട്രീയം തന്നെയെന്ന് പോലീസ്, മുഴുവൻ പ്രതികളും അറസ്റ്റിൽ

17

കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് ജില്ലാ പൊലീസ് മേധാവി. കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത് യൂത്ത് ലീഗ് മുനിസിപ്പിൽ സെക്രട്ടറി ഇർഷാദാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ എംഎസ്എഫ് നേതാവും പ്രതിയാണ്. യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

ബുധനാഴ്ച രാത്രി ബൈക്കിൽ യാത്രചെയ്യുകയായിരുന്ന അബ്ദുൾ റഹ്മാനെ നെഞ്ചിൽ കുത്തി വീഴ്ത്തിയത് താനാണെന്ന് ഇർഷാദ് സമ്മതിച്ചു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവിനെ തുടർന്ന് ഹൃദയ ധമനി തകർന്നാണ് റഹ്മാന്റെ മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കുത്തേറ്റ റഹ്മാൻ സംഭവ സ്ഥലത്തു തന്നെ ചോര വാർന്ന് മരണപ്പെടുകയായിരുന്നു. ഇർഷാദിന് പുറമെ എംഎസ്എഫ് മുനിസിപ്പൽ പ്രസിഡന്റ് ഹസ്സനും യൂത്ത് ലീഗ് പ്രവർത്തകനായ ആഷിറും കൊലപാതകത്തിൽ പങ്കാളികളാണ്. തെരഞ്ഞെടുപ്പിനെ തുടർന്ന് കല്ലൂരാവിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അനിഷ്ട സംഭവങ്ങളാണ് റഹ്മാന്റെ കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാന്റെ കൊലയിൽ കലാശിക്കുകയായിരുന്നു. സംഭവ ദിവസം സ്ഥലത്ത് സംഘർഷമുണ്ടായിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു