കാട്ടൂർ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ കള്ളുഷാപ്പ് ‘സെൽഫി’ വിവാദത്തിൽ; അവധി ദിനത്തിൽ ഭക്ഷണം കഴിക്കാൻ പോയതിൽ തെറ്റെന്തെന്ന് ഭരണസമിതി

114

ഇടതുമുന്നണി ഭരിക്കുന്ന കാട്ടൂർ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ കള്ളുഷാപ്പ് സന്ദർശനം വിവാദത്തിൽ. പ്രസിഡന്റും സെക്രട്ടറിയും ഭരണസമിതിയും കള്ളുഷാപ്പിൽ ഇരിക്കുന്ന ഫോട്ടോ പുറത്ത് വിട്ട് കോൺഗ്രസും ബി.ജെ.പിയും ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നു. അതെ സമയം പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതിയും റംഗത്തെത്തി. ഓഗസ്റ്റ് 15ന് സ്വകാര്യ വാഹനത്തിലാണ് കുടുംബങ്ങൾ ഭക്ഷണം കഴിക്കുന്ന തൃശൂർ പുള്ളിലെ ഷാപ്പിൽ പോയത്. അവിടെ വേറെയും കുടുംബങ്ങൾ ഉണ്ടായിരുന്നതായും അവധി ദിനത്തിൽ സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയതിൽ തെറ്റെന്താണ് എന്നാണ് സി.പി.എം ഉയർത്തുന്നത്. ഫോട്ടോ എടുത്തവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇട്ടതെന്നും അനാവശ്യമായാണ് പ്രതിപക്ഷം ഇപ്പോൾ ഫോട്ടോ പ്രചരിപ്പിച്ച് വിവാദം ഉണ്ടാക്കുന്നത്. അവധി ദിവസത്തിൽ സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നത് അത്ര വലിയ തെറ്റാണോ എന്നും ഭരണസമിതി ചോദിക്കുന്നു. ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്ന കോൺഗ്രസ്, ബി.ജെ.പി മെമ്പർമാർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂർ പോലീസിന് പരാതി നൽകി. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ജീവനക്കാരുടേയും കള്ള്ഷാപ്പ് സൽക്കാരം കോൺഗ്രസും ബിജെപിയും വിവാദമാക്കിയിരുന്നു. ഷാപ്പിലിരിന്ന് കള്ള് കുടിക്കുന്നതിന്‍റെ സെൽഫി ചിത്രമാണ് പ്രചരിച്ചത്. ഇവർ തന്നെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ഫോട്ടായാണ് വിവാദത്തിന് വഴിയൊരുക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ കാട്ടൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും കള്ള് ഷാപ്പില്‍ ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഈ സംഭവത്തിലാണ് വിശദീകരണവുമായി പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയത്.

Advertisement
Advertisement