കാലടി സംസ്കൃത സർവകലാശാലയിലെ നിയമന വിവാദത്തിൽ എം. ബി രാജേഷിനെ വെല്ലുവിളിച്ച് ഉമ്മർ തറമേൽ: മാധ്യമങ്ങളിലൂടെ ആരോപിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ രാജേഷിന് കഴിയുമോയെന്ന് ഉമ്മർ തറമേൽ

16
3 / 100

കാലടി സംസ്കൃത സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് എം. ബി രാജേഷിനെ വെല്ലുവിളിച്ച് ഉമ്മർ തറമേൽ. മാധ്യമങ്ങളിലൂടെ ആരോപിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ എം.ബി രാജേഷിന് കഴിയുമോ എന്ന് ഉമ്മർ തറമേൽ സമൂഹമാധ്യമത്തിലൂടെ ചോദിച്ചു. തങ്ങൾക്ക് താൽപര്യമുള്ള ഒരു ഉദ്യോ​ഗാർത്ഥിക്ക് വേണ്ടി നിനിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ തങ്ങൾ ഉപജാപം നടത്തിയെന്നായിരുന്നു മറ്റൊരു ആരോപണം. തങ്ങൾ അങ്ങനെയൊരാളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഉമ്മർ തറമേൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുൻ എം പി. ബഹു. എം. ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന. താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ച ഇക്കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ? ഞങ്ങൾക്ക് താത്പര്യമുള്ള ഒരു ഉദ്യോഗാർത്ഥിക്ക് വേണ്ടി ശ്രീമതി നിനിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ ഞങ്ങൾ സബ്ജക്ട് എക്സ്പേർട്ട്സ് ഉപജാപം നടത്തി എന്നത്. ഞങ്ങൾ ഏതായാലും അങ്ങനെയൊരാളെ ചുമതലപ്പെടുത്തയിട്ടില്ല. താങ്കൾ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ, വൈസ് ചാൻസലർക്ക് അയച്ച കത്ത് അയാൾക്ക് എവിടുന്നു കിട്ടിയെന്നും അറിയേണ്ടതുണ്ട്.

മറ്റൊന്ന്, 2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്. അക്കാലത്ത് കാലിക്കറ്റ്‌ സർവകലാശാലയിലുള്ള ഏത് ഉദ്യോഗാർത്ഥിക്കും പഠനവകുപ്പിലെ ഏത് അധ്യാപകരിൽ നിന്നും ഒരു സ്വഭാവ സർട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ സബ്ജക്ട് എക്സ്പേർട്ട് ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികൾ!!

അതുപോട്ടെ, ഞാൻ നുഴഞ്ഞു കയറി ബോർഡിൽ വന്നതാണോ, സർവകലാശാല വൈസ് ചാൻസലർ വിളിച്ചിട്ട് വന്നതല്ലേ? താൻ ജോലി ചെയ്യുന്ന സർവകലാശാലയിലൊഴികെ ഏതു സർവകലാശാലയിലും സബ്ജക്ട് എക്സ്പേർട്ട് ആയി വിളിക്കാം എന്നാണ് ഞാൻ മനസിലാക്കിവച്ചിട്ടുള്ളത്. ഇതൊക്കെ സ്വജന പക്ഷപാതമായി പൊതു സമൂഹത്തിൽ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണെന്ന് ഞങ്ങൾക്ക് മനസിലായിട്ടില്ല. പിന്നെ, നിനിത എന്ന ഉദ്യോഗാർത്ഥിയുടെ പിഎച്ച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങൾ എക്സ്പേർട്ടുകൾ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കാതിരിക്കുക.

(ഇത്തരം വിവാദ /സംവാദങ്ങളിൽ നിന്ന് ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്. അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ ‘വിസിബിലിറ്റി’യിൽ നിന്ന് മാറിനിൽക്കുന്നത്. ഞങ്ങളെ ഏൽപിച്ച കാര്യം പൂർത്തിയാക്കി . അതിൽവന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അക്കാദമിക ചർച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങൾ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ഒരു താത്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ് എന്നു കൂടി ആവർത്തിക്കുന്നു.)

ശുഭം.