‘കാള പെറ്റുവെന്ന് കേട്ട് കയറെടുത്ത മാധ്യമങ്ങൾ കുഴിയിൽ വീണു’; ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിട്ടില്ല, വിധി പകർപ്പ് പുറത്ത്

0

ആസാദ് കാശ്മീരിൽ വിവാദ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി. ജലീലിനെതിരേ കേസ് എടുക്കാന്‍ ഉത്തരവില്ല. ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നു. ഹര്‍ജിക്കാരന്റെ വാദം കേട്ടു. സെപ്റ്റംബര്‍ 14ലേക്ക് കേസ് മാറ്റുന്നു എന്നു മാത്രമാണ് കോടതി ഉത്തരവിലുള്ളത്.
തിങ്കളാഴ്ചയാണ് കേസില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ പരാതിക്കാരന് പറയാനുള്ളതെല്ലാം കേട്ടു. ഏതൊക്കെ വകുപ്പു പ്രകാരം കേസ് എടുക്കണമെന്നുള്ളത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേട്ടു. കേസ് നാളെ (സെപ്റ്റംബര്‍ 14) ലേക്ക് മാറ്റുന്നു എന്നു മാത്രമാണ് കോടതി പറഞ്ഞത്. കേസ് എടുക്കണമെന്നോ ഹര്‍ജിക്കാരന്റെ മറ്റേതെങ്കിലും വാദം അംഗീകരിക്കുന്നതായോ കോടതി പറഞ്ഞിട്ടില്ല.
സുപ്രീം കോടതി അഭിഭാഷകന്‍ ജി.എസ്. മണിയാണ് ജലീലിനെതിരേ പരാതി നല്‍കിയിരുന്നത്. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് ശേഷം, കോടതിയില്‍നിന്ന് പുറത്തുവന്ന ജി.എസ്. മണി പറഞ്ഞത് ജലീലിനെതിരേ കേസ് എടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നുവെന്നും വകുപ്പ് ഏതെന്ന് പറഞ്ഞിട്ടില്ലെന്നും ഉചിതമായ വകുപ്പ് എന്നാണ് കോടതി പറഞ്ഞതെന്നും താന്‍ ആവശ്യപ്പെട്ടത് പ്രകാരം രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്താന്‍ പോലീസിന് അധികാരം ഉണ്ടെന്നുമായിരുന്നു മണി പറഞ്ഞത്. മണിയുടെ വാക്ക് കേട്ടതും മറ്റ് അഭിഭാഷകരോട് ഇക്കാര്യത്തിൽ അന്വേഷണം പോലും നടത്താതെ ‘കെ.ടി ജലീലി’നെതിരെ കിട്ടിയ ആയുധമായി മാധ്യമങ്ങൾ കേസെടുക്കാൻ ഉത്തരവിട്ടുവെന്ന് കിടക്കുകയായിരുന്നു.
എന്നാല്‍ കോടതി ഉത്തരവ് വന്നതോടെയാണ് മാധ്യമങ്ങൾ കബളിപ്പിക്കപ്പെട്ടത് മനസിലായത്. ഇതിനു ശേഷം മണിയുമായി മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോള്‍, കേസ് എടുക്കാന്‍ കോടതി വാക്കാല്‍ നിര്‍ദേശിച്ചിട്ടുണ്ട് അതിനാലാണ് മാധ്യമങ്ങളോടു പറഞ്ഞതെന്നുമായിരുന്നു മറുപടി.
ജലീലിനെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി തിലക് മാര്‍ഗ് പോലീസില്‍ മണി പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടി എടുക്കാത്തതിനെ തുടർന്നായിരുന്നു ഇദ്ദേഹം ഡല്‍ഹി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ശേഷം പുറത്തേക്ക് വന്ന മണി, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു.

Advertisement
Advertisement