കെ.എസ്.ആർ.ടി.സിയെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് യുണിയനുകളോട്  ഹൈക്കോടതി: യാത്രാ ഇളവ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് മതിയെന്നും നിരീക്ഷണം

9

കെ.എസ്.ആർ.ടി.സിയെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് യുണിയനുകളോട്  ഹൈക്കോടതി ആവശ്യപ്പെട്ടു. യുണിയനുകൾ ഇപ്പോഴും സമരപാതയിൽ ആണെന്ന് സർക്കാർ റിപ്പോർട്ടിൽ കാണുന്നു. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പിന്‍റെ ലംഘനമല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോൾ സമരം എന്തിനാണ്?.കെ.എസ്.ആർ.ടി ഷെഡ്യൾ കൂട്ടണം. തുരുമ്പെടുക്കുന്ന ബസ് റോഡിൽ ഇറക്കണം. തൊഴിലാളികൾ സഹകരിക്കണം .തൊഴിലാളികളുടെ ആവശ്യം എല്ലാം കോടതി പരിഗണിക്കുന്നുണ്ട്സമരം തുടർന്നാൽ ഹർജിയിൽ ഉത്തരവ് പറയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.ശമ്പള വിതരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.കേസ് 17 ന് വീണ്ടും വാദത്തിനായി മാറ്റി. ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സർക്കാർ സാവകാശം തേടി. അഞ്ചാം തീയതി ശമ്പളം നൽകുന്നത് സംബന്ധിച്ച് നടപടികളെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരുമാസം കൂടി  സാവകാശം വേണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. 

Advertisement

കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കെഎസ്ആര്‍ടിസിയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫ. സുശീൽ ഖന്നയെ നിയോഗിച്ചത്. 
തൊഴിലാളികളുടെ എതിർപ്പ് മൂലം സുശീൽ ഖന്ന റിപ്പോർട്ടിലെ പല തീരുമാനങ്ങളും നടപ്പിലാക്കാൻ വൈകി. കഴിഞ്ഞ രണ്ട് വർഷമായി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുകയാണ് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഹർജിയില്‍ സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. ജൂൺ മാസത്തെ ശമ്പളം നൽകാനായി 50 കോടി കെഎസ്ആർടിസിക്ക് നൽകിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

എം.എൽ.എമാർക്ക് എന്തിനാണ് കെഎസ്ആർടിസി യാത്രാനിരക്കില്‍ ഇളവ് എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മുൻ മുഖ്യമന്ത്രി പി.കെ.വി വരെ കെഎസ്ആര്‍ടിസിയിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് സർക്കാർ മറുപടി നല്‍കി. എങ്കിൽ അദ്ദേഹം ഇളവ് വാങ്ങി കാണില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. വിദ്യാർഥികൾ അടക്കമുള്ള അത്യാവശ്യം പേർക്ക് പോരേ യാത്ര ഇളവ് എന്നും കോടതി ചോദിച്ചു. യാത്രാ ഇളവുകളുടെ ഇനത്തിൽ കോടിക്കണക്കിന് രൂപ സർക്കാരിൽ നിന്നും ലഭിക്കാനുണ്ട് എന്ന കെഎസ്ആര്‍ടിസി പരാമര്‍ശത്തിലായിരുന്നു കോടതിയുടെ ചോദ്യം. 

കെ.എസ്.ആർ ടി.സിയുടെ വരുമാനത്തിന്റെ നിശ്ചിത ഭാഗം ബാങ്ക് ലോണിനായി പോകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ബാങ്ക് ലോണുകളുടെ തിരിച്ചടവ് സംബന്ധിച്ച്  സർക്കാർ തീരുമാനമെടുത്തേ മതിയാകൂ. വായ്പ തിരിച്ചടവിന് മാസം 30 കോടി വേണം. ഇതാണ് ആശങ്കപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു. 

Advertisement