കേന്ദ്ര മന്ത്രിയുടെ അഭിപ്രായവും തള്ളി, വ്യക്തത വരുത്തി ദേശീയപാത അതോറിറ്റി: പാലിയേക്കരയിലും പന്നിയങ്കരയിലുമുള്ള ടോൾ പ്ലാസകൾ പൂട്ടില്ല

16

ദേശീയപാതയിലെ പാലിയേക്കരയിലും പന്നിയങ്കരയിലുമുള്ള ടോൾ പ്ലാസകൾ പൂട്ടില്ലെന്നു ദേശീയപാത അതോറിറ്റി. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പ്രവർത്തിക്കുന്നതിൽ നിയമ തടസ്സമുണ്ടെന്നും ഒരു ടോൾ പ്ലാസ പൂട്ടേണ്ടി വരുമെന്നുമുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഒന്ന് അടച്ചു പൂട്ടുന്നത് പരിഗണിക്കുമെന്ന് പാർലമെന്റിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഇതാണ് ദേശീയപാത അതോറിറ്റി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ ഉള്ള സാഹചര്യത്തിൽ പാലിയേക്കര ടോൾ പ്ലാസ പൂട്ടുമോ എന്ന കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണു ടോൾ പ്ലാസകൾ തുടർന്നു പ്രവർത്തിക്കുമെന്ന മറുപടി ദേശീയപാത അതോറിറ്റി നൽകിയത്.

Advertisement

പന്നിയങ്കരയിലും പാലിയേക്കരയിലും ടോൾ പ്ലാസകൾ പ്രവർത്തിക്കുന്നത് രണ്ട് വ്യത്യസ്ത ബിഒടി കരാറുകൾ പ്രകാരമാണ്. മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ നാലുവരിപ്പാതയും മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ആറുവരി പാതയുമാണ്.ടോൾ പ്ലാസകൾ പ്രവർത്തിക്കുന്നതു 1996ലും 2008ലും കേന്ദ്രം പാസാക്കിയ നിയമങ്ങൾ അനുസരിച്ചാണ്. പാലിയേക്കര ടോൾ പ്ലാസ പ്രവർത്തിക്കുന്നതു 2006 ഒപ്പിട്ട കരാർ പ്രകാരവും 2011 ജൂൺ 20നു പുറത്തിറക്കിയ കേന്ദ്രസർക്കാർ വിജ്ഞാപനവും അനുസരിച്ചാണ്. 2028 ജൂൺ 19 വരെ പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിനു കരാർ കമ്പനിക്ക് അധികാരമുണ്ട്. പന്നിയങ്കര ടോൾ പ്ലാസ പ്രവർത്തിക്കുന്നത് 2009ലെ കരാർ പ്രകാരവും 2013 ജൂൺ 26 നു കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ചുമാണെന്നും ദേശീയപാത അതോറിറ്റി മറുപടിയിൽ വ്യക്തമാക്കുന്നു.

Advertisement