കോൺഗ്രസിനെതിരെ തുറന്നടിച്ച് സമസ്ത: മുസ്ലിങ്ങൾ കോൺഗ്രസിനെ കയ്യൊഴിയുന്നു, ജീർണിച്ച തറവാടായി മാറണോ എന്ന് കോൺഗ്രസ് തന്നെ ആലോചിക്കണമെന്നും ഉപദേശം

22

മൃദുഹിന്ദുത്വം താലോലിക്കുന്ന കോൺഗ്രസിന്റെ  മുസ്ലിംവിരുദ്ധ സമീപനത്തിനെതിരെ സമസ്‌ത യുവജന വിഭാഗം നേതാവിന്റെ ലേഖനം. മുസ്ലിങ്ങൾ കോൺഗ്രസിനെ കൈയൊഴിയുകയാണെന്ന്‌  എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സത്താർ പന്തല്ലൂർ ‘മാധ്യമം’ പത്രത്തിൽ എഴുതിയ  ലേഖനത്തിൽ തുറന്നടിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര കേരളത്തിൽ പര്യടനം നടത്തുന്നതിനിടെയാണ്‌ ലേഖനമെന്നത്‌ ശ്രദ്ധേയമാണ്‌.
നാൽപ്പത്‌ ശതമാനം മുസ്ലിം വോട്ടർമാരുള്ള മലബാറിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ ആറാണ്‌ കോൺഗ്രസ്‌ വിഹിതമെന്നും മുസ്ലിങ്ങൾ കോൺഗ്രസിൽനിന്ന്‌ അകലാനുമുള്ള കാരണം വിലയിരുത്തണമെന്നും ആവശ്യപ്പെടുന്നു. മുഹമ്മദ്‌ അബ്ദുറഹ്‌മാൻ സാഹിബിനെ പോലുള്ളവരുടെ ധിഷണാപരമായ നേതൃത്വമാണ്‌ മലബാറിൽ കോൺഗ്രസിനെ വളർത്തിയത്‌. എന്നാൽ, ആ പാരമ്പര്യത്തിൽനിന്ന്‌ നേതാക്കളെ വളർത്തുന്നതിൽ കോൺഗ്രസ്‌ ഉപേക്ഷവരുത്തി. മുസ്ലിം സമൂഹത്തിന്റെ വിഷയങ്ങൾ ഏറ്റെടുക്കുന്നില്ല. മലബാർ രാഷ്‌ട്രീയത്തെക്കുറിച്ചും സാമുദായിക ഘടനകളെക്കുറിച്ചും  ധാരണ പല നേതാക്കൾക്കുമില്ല. 35 വർഷമായി കാസർകോട്ടും 20 വർഷമായി കോഴിക്കോട്ടും ഒരു എം.എൽ.എ പോലും ഇല്ല. മലപ്പുറത്ത്‌ ഒരു സീറ്റിൽ ഒതുങ്ങി. വി അബ്ദുറഹ്‌മാനെപ്പോലുള്ള കോൺഗ്രസ്‌ നേതാക്കൾ ഇടതുപക്ഷത്തിനൊപ്പം ചേർന്ന്‌  മന്ത്രിവരെയായി.
ഏതുനിമിഷവും നിലംപതിച്ചേക്കാവുന്ന ആളനക്കമില്ലാത്ത ജീർണിച്ച തറവാടായി കോൺഗ്രസ്‌  മാറണോ എന്ന്‌  ചിന്തിക്കണമെന്ന ഉപദേശത്തോടെയാണ്‌ ലേഖനം അവസാനിക്കുന്നത്‌. 

Advertisement
Advertisement